'തോറ്റുകഴിഞ്ഞ് എന്തും പറയാമെന്നാണോ, സഖാക്കൾ വേണ്ടരീതിയിൽ പണിയെടുത്തു '; യു പ്രതിഭയ്‌ക്കെതിരെ ആർ നാസർ
ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്‌ക്കെതിരെ ജില്ലാ സെക്രട്ടറി ആർ നാസർ. യു പ്രതിഭ തോറ്റുകഴിഞ്ഞ് അസംബന്ധം പറയുന്നുവെന്നാണ് നാസറിന്റെ പ്രതികരണം. സഖാക്കൾ കായംകുളത്ത് വേണ്ടരീതിയിൽ പണിയെടുത്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കായംകുളത്തെ തോൽവിക്ക് പിന്നാലെ പാർട്ടി പ്രവർത്തകരെ വിമർശിച്ച യു പ്രതിഭയ്‌ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
'ലോക്‌സഭയിൽ മൂന്നാം സ്ഥാനത്ത് എത്തിയപ്പോഴും ഇവർ തന്നെയല്ലേ എംഎൽഎ. അതിന്റെ ഉത്തരവാദിത്തം ഇവർക്കല്ലേ. അത് പരിശോധിക്കണം. നേരത്തേ എൽഡിഎഫിന് വോട്ടുചെയ്‌ത സമുദായാംഗങ്ങൾ എന്തുകൊണ്ട് ഇത്തവണ ചെയ്‌തില്ല. പ്രതിഭയോടുള്ള എതിർപ്പാണോ. അല്ലെങ്കിൽ മറ്റെന്തെങ്കിലുമാണോ കാരണമെന്ന് പരിശോധിക്കണം.
ഇത്തവണ വോട്ടുകൾ നഷ്‌ടമായത് എന്തുകൊണ്ടാണെന്ന് പ്രതിഭ തന്നെ ആലോചിക്കണം. പാർട്ടി സഖാക്കൾ നല്ല പണിയെടുത്തിട്ടുണ്ട്. തോറ്റ് കഴിയുമ്പോൾ എന്തും പറയാമെന്നാണോ. തോറ്റശേഷം പാർട്ടിയെ കുറ്റം പറയുന്നത് ജി സുധാകരന്റെ രീതിയാണ്' - ആർ നാസർ പറഞ്ഞു.
കായംകുളത്ത് വോട്ടുകളിൽ ചോർച്ച ഉണ്ടെന്നാണ് യു പ്രതിഭ പറഞ്ഞത്. പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പുണ്ടാക്കിയെന്നും യു പ്രതിഭ പറഞ്ഞു. കഴിഞ്ഞ തവണത്തേത് പോലെ പ്രവർത്തനം ഊർജസ്വലമായിരുന്നില്ലെന്നും പ്രതിഭ വിമര്‍ശിച്ചു.