'ഇറങ്ങിപ്പോണം സഖാവേ, ജനങ്ങൾ അംഗീകരിക്കുന്നവർ വരട്ടെ'; എം വി ഗോവിന്ദനെതിരെ രൂക്ഷവിമർശനം

Tuesday 05 May 2026 12:54 PM IST

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ കുറിപ്പ് പങ്കുവച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിന് താഴെയാണ് സിപിഎം അനുകൂല അക്കൗണ്ടുകളിൽ നിന്ന് രൂക്ഷമായ കമന്റുകൾ വന്നത്.

2021ൽ 62 സീറ്റുകളിൽ വിജയിച്ച സിപിഎം ഇത്തവണ 26 സീറ്റുകളിലായി ഒതുങ്ങി. അപ്രതീക്ഷിത പരാജയമായിരുന്നു. പരാജയത്തെ അംഗീകരിച്ചുകൊണ്ട് പോരായ്‌മകൾ തിരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‌താവന. ഈ പ്രസ്‌താവന പങ്കുവച്ചുകൊണ്ടുള്ള എം വി ഗോവിന്ദന്റെ പോസ്റ്റിലാണ് രൂക്ഷമായ ഭാഷയിൽ കമന്റുകളുയർന്നത്.

എം വി ഗോവിന്ദനെ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് ഭൂരിപക്ഷം കമന്റുകളിലെയും അഭിപ്രായം. പകരം എം സ്വരാജിനെയോ പി ജയരാജനെയോ പാർട്ടി സെക്രട്ടറിയാക്കണമെന്നും സിപിഎം അനുകൂലികളെന്ന് കരുതുന്നവർ കമന്റിട്ടിട്ടുണ്ട്. എം വി ഗോവിന്ദൻ സെക്രട്ടറിയായത് വൻ പരാജയമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്. എതിർപ്പുകൾ മറികടന്ന് തളിപ്പറമ്പിൽ ഭാര്യ പി കെ ശ്യാമളയ്‌ക്ക് സീറ്റ് നൽകിയതടക്കം എം വി ഗോവിന്ദൻ പാർട്ടിയുടെ തോൽവിക്ക് ആക്കം കൂട്ടിയെന്നും വിമർശകർ പറഞ്ഞു.

എം വി ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയില്ലെങ്കിൽ ബംഗാളിലെ പാർട്ടിയുടെ അവസ്ഥയാകും കേരളത്തിലും വരാനിരിക്കുന്നതെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. 'മുന്നിൽ വരുന്നവരെ കണ്ടാൽ ഒന്ന് മിണ്ടാനെങ്കിലും പറ്റണം സഖാവേ', 'ഇറങ്ങിപ്പോണം സഖാവേ, ജനങ്ങൾ അംഗീകരിക്കുന്നവരാണ് വരേണ്ടത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.