തെളിവെടുപ്പിനായി കൊണ്ടുപോകവേ എം.ഡി.എം.എ കേസിലെ പ്രതി രക്ഷപ്പെട്ടു
മുക്കം: മുക്കം നഗരസഭയിലെ രണ്ടിടങ്ങളിൽ നിന്നായി 2.803 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. മുക്കം പൂളപ്പൊയിൽ, പുല്ലമ്പാടിപറമ്പിൽ പി. മുഹമ്മദ് ഹനീഫയാണ് (36) തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകവേ ഗുജറാത്തിലെ വഡോദരയ്ക്ക് സമീപം ട്രെയിനിൽ നിന്നു രക്ഷപ്പെട്ടത്.
കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് മുഹമ്മദ് ഹനീഫയെ മുക്കം മിനിസിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് എം.ഡി.എം.എയുമായി പിടികൂടിയത്. തുടർന്ന് റിമാൻഡിലായ പ്രതിയെ കഴിഞ്ഞ ദിവസം കൂടുതൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
മുക്കം ഇൻസ്പെക്ടറടക്കം ആറംഗങ്ങളാണ് പ്രതിയുമായി പോയത്. ട്രെയിനിൽ പൊലീസുകാർ ഉറങ്ങുന്നതിനിടെ പ്രതി കൈവിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
വിപണിയിൽ മൂന്ന് കോടിയോളം രൂപ വിലവരുന്ന എം.ഡി.എം.എയാണ് പിടികൂടിയത്. അതിനാൽ മറ്റ് സംസ്ഥാനങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പോത്ത് കച്ചവടക്കാരനായ പ്രതിക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ ബന്ധങ്ങളുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഡൽഹിയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും ഇയാൾ ലഹരി എത്തിക്കാറുണ്ടന്ന് പൊലീസ് പറഞ്ഞു. വർഷങ്ങളായി ഒറീസയിൽ നിന്നും കാലികളെ ഇറക്കി ആന്ധ്രയിലും മറ്റും വിൽപന നടത്തിയിരുന്ന ഹനീഫ പിന്നീട് ലഹരിക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു.