മലപ്പുറം: മദ്യപിച്ചതിന്റെ പേരിൽ വേടന്റെ പാട്ട് സിലബസിൽ നിന്നൊഴിവാക്കണമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കാലിക്കറ്റ് സർവ്വകലാശാല വിസി പി രവീന്ദ്രൻ. വേടന്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തുന്ന നീക്കത്തിനെതിരെ പരാതി ലഭിച്ചിരുന്നെന്നും എന്നാൽ അംഗീകരിക്കാനാവാത്ത വാദങ്ങളാണുള്ളത്. മദ്യപിച്ചതിന്റെ പേരിൽ ഒഴിവാക്കണമെന്ന് പറഞ്ഞാൽ, മോഹൻലാലിന്റെ സിനിമ പോലും കാണാതേ പറ്റാതേ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
'മദ്യപിച്ചതിന്റെ പേരിൽ ഒഴിവാക്കണമെന്ന് എങ്ങനെ പറയാൻ കഴിയും. അങ്ങനെയാണെങ്കിൽ ജോൺ എബ്രഹാമിന്റെ സിനിമയോ അയ്യപ്പന്റെ കവിതയോ പഠിക്കാൻ പറ്റാതെ വരും. എന്തിന് മോഹൻലാലിന്റെ സിനിമ പോലും കാണാനേ പറ്റാതേ വരും. കലാസൃഷ്ടിയെ കലാസൃഷ്ടിയായി മാത്രം കാണുകയും ആ ഭാഗം മാത്രം വിലയിരുത്തുകയുമാണ് വേണ്ടത്. ഇതിന് പുറമെയുള്ള പരാതികൾ പഠിക്കാൻ ഡോ എംഎം ബഷീറിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട് വന്നശേഷം നടപടി സ്വീകരിക്കും. എന്നാൽ സങ്കുചിതമായ നിലപാടുകൾ അംഗീകരിക്കാൻ സാധിക്കില്ല. അക്കാദമികമായി വിഷയങ്ങളെ കാണുകയാണ് വേണ്ടത്'- പി രവീന്ദ്രൻ കൂട്ടിച്ചേർത്തു.
കാലിക്കറ്റ് സർവകലാശാലയുടെ ബി എ മലയാളം നാലാം സെമസ്റ്റർ പാഠപുസ്തകത്തിലാണ് വേടന്റെ 'ഭൂമി വാഴുന്നിടം' എന്ന് പാട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. വിഖ്യാത പോപ്പ് ഗായകൻ മൈക്കിൾ ജാക്സന്റെ 'ദേ ഡോണ്ട് കെയർ എബൗട്ട് അസ്' എന്ന പാട്ടും വേടന്റെ പാട്ടും തമ്മിലെ താരതമ്യ പഠനമാണ് സിലബസിലുള്ളത്. അമേരിക്കൻ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലെ താരതമ്യമാണ് പഠനത്തിന് അടിസ്ഥാനം. രണ്ട് വീഡിയോ ലിങ്കുകളായാണ് പാട്ടുകൾ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |