മുഖ്യമന്ത്രി: പ്രകടനങ്ങൾ വിലക്കി

Saturday 09 May 2026 1:46 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കന്മാരുടെ പരസ്യ പ്രസ്താവനകളും പ്രകടനങ്ങളും വിലക്കി കോൺഗ്രസ്. ഇത്തരം പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കണമെന്നും നടപടിയെടുക്കണമെന്നും കെ.പി.സി.സിക്ക് എ.ഐ.സി.സി നേതൃത്വം നിർദ്ദേശം നൽകി.

ഇതേത്തുടർന്ന് അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ മുതൽ വാർഡ് പ്രസിഡൻറുമാർ വരെയുള്ള ഭാരവാഹികൾക്കയച്ച കത്തിൽ കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫ് മുന്നറിയിപ്പ് നൽകി.മുഖ്യമന്ത്രി സംബന്ധിച്ച തീരുമാനം ഹൈക്കമാൻഡ് അറിയിക്കും. ഇതിനിടെ വിവാദ പ്രസ്താവന ഇറക്കുന്നതും ആർക്കെങ്കിലും വേണ്ടിയുള്ള പ്രകടനം, മുദ്രാവാക്യങ്ങൾ ഉയർത്തൽ എന്നിവ സംഘടനയ്ക്ക് യോജിച്ചതല്ല. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും'-കത്തിൽ പറയുന്നു.