നരിക്കുനി ഫയർ സ്റ്റേഷൻ നാട്ടുകാർക്ക് സ്വന്തമാവും
കോഴിക്കോട്: ഒരു നാട് പിരിവെടുത്ത് സ്ഥലം വാങ്ങിക്കൊടുത്തതോടെ, കോഴിക്കോട് നരിക്കുനി ഫയർ സ്റ്റേഷന് വാടകക്കെട്ടിടത്തിൽ നിന്ന് സമീപഭാവിയിൽ മോചനമാവും. നരിക്കുനി ചെമ്പക്കുന്നിൽ ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്ന വാടകകെട്ടിടത്തിന്റെ സമീപത്തായി 18 സെന്റ് സ്ഥലമാണ് 18,18000രൂപയ്ക്ക് രണ്ടു വർഷം മുമ്പ് വാങ്ങി നൽകിയത്. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ രണ്ടുകോടി വകയിരുത്തിയതോടെ നിർമ്മാണത്തിന് കരാർ നൽകിയിരിക്കുകയാണ്.
നരിക്കുനി മേഖലയിൽ തീപിടിത്തമോ അപകടമോ ഉണ്ടായാൽ കിലോമീറ്ററുകൾക്കപ്പുറത്ത് പേരാമ്പ്രയിൽ നിന്നോ മുക്കത്ത് നിന്നോ വെള്ളിമാടുകുന്നിൽ നിന്നോ ഫയർഫോഴ്സ് വരണം. ഇതുകാരണം ബുദ്ധിമുട്ടിലായപ്പോഴാണ് അന്ന് എം.എൽ.എ ആയിരുന്ന പി.ടി.എ റഹിം മുൻകൈയെടുത്ത് വാടകകെട്ടിടം സംഘടിപ്പിച്ച് ഫയർസ്റ്റേഷൻ തുടങ്ങിയത്. കോഴിക്കോട് ജില്ലയിൽ 14 പഞ്ചായത്തുകളുടെ ആശ്രയമാണിത്. ഒരു സ്റ്റേഷൻ ഓഫീസറടക്കം 27 ജീവനക്കാരുണ്ട്. മൊബൈൽ ടാങ്ക് യൂണിറ്റടക്കം നാല് വാഹനങ്ങളും. പ്രാഥമികാവശ്യങ്ങൾക്കും വിശ്രമത്തിനും ഇടമില്ലാത്ത സാഹചര്യത്തിൽ ജനകീയ ഇടപെടലിലാണ് 18 സെന്റ് സ്ഥലം നരിക്കുനി പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ ജനകീയകമ്മറ്റി രജിസ്റ്റർ ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.ശശീന്ദ്രൻ പറഞ്ഞു.
ഫയർസ്റ്റേഷൻ യാഥാർത്ഥ്യമാവുന്നതുവരെ നാട് കൂടെയുണ്ടാവുമെന്നും ഇത് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരുപാട് ഫയർ-പൊലീസ് സ്റ്റേഷനുകൾക്ക് മാതൃകയാവുമെന്നും ശശീന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് ബഡ്ജറ്റിൽ ബിൽഡിംഗിനായി തുക വകയിരുത്തിയിട്ടുണ്ട്. പുതിയ സർക്കാർ വന്നതോടെ വാടകക്കെട്ടിടത്തിൽ നിന്നു എത്രയും പെട്ടെന്ന് മോചനമാവുമെന്നാണ് പ്രതീക്ഷ.
-കെ.പ്രദീപ് സ്റ്റേഷൻ ഓഫീസർ, നരിക്കുനി