ഗുരുവും ഗാന്ധിജിയും നൽകിയത് സത്യദർശനം: സ്വാമി സച്ചിദാനന്ദ
ശിവഗിരി: രാജ്യത്തിനും ലോകത്തിനും സ്വീകാര്യമായ സത്യദർശനമാണ് ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും സംഭാവന ചെയ്തതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ദൈവം ഏകമാണെന്ന ദർശനം ഗുരുവിലും ഗാന്ധിജിയിലും ഒരു പോലെയാണ് പ്രകാശിതമായിരുന്നതെന്നും അദ്ദേഹം വിശദമാക്കി.
ശ്രീനാരായണഗുരു-മഹാത്മഗാന്ധി സമാഗമ ശതാബ്ദജി ആഘോഷപരിപാടിയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സ്വാമി.
സത്യം ദൈവമാണെന്നാണ് ഗാന്ധിജി പറഞ്ഞത്. സത്യനിഷ്ഠനായിട്ടാണ് അദ്ദേഹം ജീവിച്ചത്. സത്യം ബ്രഹ്മമാണെന്ന കാഴ്ചപ്പാടായിരുന്നു ഗുരുവിന്റേത്. സത്യദർശിയായിരുന്നു ഗുരു. ശിവഗിരിയിൽ ശ്രീനാരായണഗുരുവിനെ ദർശിച്ച ശേഷം ഗാന്ധിജിയുടെ ജീവിതത്തിൽ പലവിധ മാറ്റങ്ങളുമുണ്ടായി. ശിവഗിരിയിൽ വന്നപ്പോഴുള്ള ഗാന്ധിജിയായിരുന്നില്ല, മടങ്ങുമ്പോഴുള്ള ഗാന്ധി. മനുഷ്യർ തമ്മിൽ ഭേദമില്ലെന്നും ജാതി പോയേ തീരൂ എന്നുമാണ് പിന്നീട് ഗാന്ധിജി എഴുതിയത്. അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചതിൽ ഒരാൾ ഗുരുവും മറ്റൊരാൾ അംബേദ്കറുമായിരുന്നെന്ന് സഹോദരൻ അയ്യപ്പൻ പറഞ്ഞിട്ടുണ്ട്.
തിരുനെൽവേലിയിൽ ടി.കെ. മാധവൻ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗുരുവിനെക്കുറിച്ച് പറയുന്നത്. അങ്ങനെയാണ് ഗുരുവിലേക്ക് ഗാന്ധിജിയുടെ ശ്രദ്ധതിരിയുന്നത്. തന്റെ ശിഷ്യനായ വിനോബഭാവയെ അദ്ദേഹം ശിവഗിരിയിലേക്ക് അയച്ചു. 'ഇന്ത്യയിലെ അവതാരപുരുഷന്മാരിൽ ഒരാൾ" എന്നാണ് വിനോബഭാവെ ഗുരുവിനെ വിശേഷിപ്പിച്ചത്. ഗാന്ധിയുടെ മതഭേദത്തെ യുക്തികൊണ്ടാണ് ഗുരു ഖണ്ഡിച്ചതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.