കൊല്ലം: അറബിക്കടലിൽ മുങ്ങിയ കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ അഞ്ചെണ്ണം കൂടി ഇന്നലെ കൊല്ലം തീരത്ത് അടിഞ്ഞു. പരവൂർ തെക്കുംഭാഗം, ഇരവിപുരം ഗാർഫിൽ കോളനി, കൊല്ലം ബീച്ച്, തിരുമുല്ലവാരം ഒഴുകുതോട് പള്ളി, ചവറ ഐ.ആർ.ഇക്ക് സമീപം കരുത്തറ എന്നിവിടങ്ങളിലാണ് അടിഞ്ഞത്.
കാലാവസ്ഥ പ്രതികൂലവും ആവശ്യത്തിന് വിദഗ്ദ്ധ തൊഴിലാളികളുമില്ലാത്തതിനാൽ കണ്ടെയ്നറുകൾ കൊല്ലം പോർട്ടിലെത്തിക്കൽ മന്ദഗതിയിലാണ്. ഇതുവരെ ഒരു കണ്ടെയ്നർ മാത്രമാണ് കസ്റ്റംസിന് കസ്റ്റഡിയിലെടുക്കാനായത്. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം 43 കണ്ടെയ്നറുകളാണ് കൊല്ലം തീരത്ത് അടിഞ്ഞിട്ടുള്ളത്. എന്നാൽ ഫിഷറീസ് വകുപ്പിന്റെ കണക്ക് 42 ആണ്. ഇതിൽ രണ്ട് കണ്ടെയ്നറുകൾ തിരുമുല്ലവാരം തീരത്ത് നിന്ന് അല്പം അകലെ മണൽ പാരിൽ പുതഞ്ഞുകിടക്കുകയാണ്. കൊല്ലം ബീച്ചിന് സമീപം തിങ്കളാഴ്ച അടിഞ്ഞ കണ്ടെയ്നർ വൈകിട്ടോടെ കൊല്ലം പോർട്ടിന് സമീപം എത്തിച്ചിരുന്നു. ഇതാണ് ഇന്നലെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ശക്തികുളങ്ങരയിൽ പാറക്കെട്ടുകൾക്ക് സമീപം അടിഞ്ഞ രണ്ട് കണ്ടെയ്നറുകൾ ലിഫ്റ്റ് ഉപയോഗിച്ച് കരയ്ക്കെത്തിച്ചു. ഇവ പൊളിച്ച് ലോറിയിൽ കയറ്റി പോർട്ടിൽ എത്തിക്കാനാണ് ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |