കണ്ണൂർ: പത്ത് മക്കൾ. അതിൽ ഒൻപതുപേരും ഒരുമിച്ച് സ്കൂളിൽ പോകുന്നതിന്റെ കാഴ്ച. കേരളകൗമുദി വാർത്തയിലെ താരമായി കണ്ണൂരിലെ ബിഗ് ഫാമിലി. വിവിധ കോണുകളിൽ നിന്ന് കുടുംബത്തിന് ആശംസാ പ്രവാഹം. കണ്ണൂർ കൊട്ടിയൂർ തലക്കാണിയിലെ ബിസിനസുകാരനായ പോടൂർ സന്തോഷിന്റെയും രമ്യയുടെയും പത്തുമക്കളിൽ ഒമ്പതുപേരുടെ സ്‌കൂൾ യാത്ര സംബന്ധിച്ച് കേരളകൗമുദി ഇന്നലെ ഒന്നാംപേജിൽ പ്രസീദ്ധീകരിച്ച വാർത്ത കണ്ട് നിരവധി പേരാണ് കുടുംബത്തെ വിളിക്കുന്നത്.
സുഹൃത്തുക്കൾ, സ്ഥാപന ഉടമകൾ, ബിസിനസ് സുഹൃത്തുക്കൾ അങ്ങനെ പലരും വിളിച്ച് ആശംസ അറിയിച്ചതായി സന്തോഷ് പറഞ്ഞു. 22 വർഷം സന്തോഷ് തൃശൂർ ചാലക്കുടിയിലെ ഒരു ഓട്ടുകമ്പനിയുടെ ഭാഗമായി ജോലിചെയ്തതു വഴിയുളള പരിചയക്കാരും വിളിച്ചു. കൂടുതൽ കുട്ടികളുള്ള രക്ഷിതാക്കൾ ചേർന്ന് സംസ്ഥാന തലത്തിൽ രൂപീകരിച്ച ബിഗ് ഫാമിലി എന്ന കൂട്ടായ്മയിലെ അംഗങ്ങളും ആശംസകളറിയിച്ചു. വാർത്തയിലെ താരമായതിന്റെ സന്തോഷത്തിലാണ് കുട്ടികൾ ഇന്നലെ സ്‌കൂളിൽ പോയതെന്ന് സന്തോഷ് പറഞ്ഞു. മൂന്നര മാസം പ്രായമുള്ള ഇളയമകൾ സ്‌കൂളിൽ പോകാൻ പ്രായമാകുമ്പോഴേക്കും മൂത്തവരിൽ ചിലർ പഠനം കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് ഇത്തവണത്തെ അദ്ധ്യയന വർഷാരംഭം ഏറെ പ്രത്യേകതയുള്ളതാണെന്നും സന്തോഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |