ന്യൂഡൽഹി: സംസ്ഥാനത്തിന്റെ വടക്കു നിന്ന് തെക്കോട്ടേക്ക് മൂന്ന്, നാല് പാതകൾ നിർമ്മിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് താല്പര്യം അറിയിച്ചതോടെ, അതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
സിൽവർ ലൈൻ പദ്ധതിക്ക് ബദലായി മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവച്ച സെമി ഹൈ സ്‌പീഡ് പദ്ധതിയും ഡൽഹിയിലെ കൂടിക്കാഴ്ചയിൽ ചർച്ചയായി. ശ്രീധരനുമായി ചർച്ചചെയ്യാമെന്ന മറുപടി മാത്രമാണ് റെയിൽവേ മന്ത്രി നൽകിയത്.
വന്ദേഭാരതിലും ദീർഘദൂര ട്രെയിനുകളിലും മോശം ഭക്ഷണം വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, അക്കാര്യം പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസാണ് വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
കേരളത്തിന് മോദി സർക്കാർ മികച്ച പരിഗണനയാണ് നൽകുന്നതെന്ന് അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി. 2009 മുതൽ 2014 വരെയുള്ള യു.പി.എ കാലത്ത് ശരാശരി 372 കോടിയായിരുന്നു കേരളത്തിന് അനുവദിച്ച വാർഷിക റെയിൽ ബഡ്ജറ്റ് വിഹിതം. എന്നാൽ ഈ സാമ്പത്തിക വർഷം 3042 കോടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് വകയിരുത്തിയതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |