തിരുവനന്തപുരം: ആരും ആരെയും പ്രേരിപ്പിച്ചില്ല. വി.എസിനെ അവസാനമായി ഒരു നോക്ക് കാണണമെന്ന ഉൾപ്രേരണയാൽ വന്നവരായിരുന്നു ഇന്നലെ മുതൽ അന്തിമോപചാരം അർപ്പിക്കാനെത്തിയവരൊക്കെയും. കാസർഗോഡും,കണ്ണൂരും, കോഴിക്കോടും തുടങ്ങി വിവിധ ജില്ലകളിൽ നിന്നെല്ലാം രാത്രി കിട്ടിയ വണ്ടിക്കു കയറി അവർ തിരുവനന്തപുരത്തെത്തി. ചിലർ അതിരാവിലെ തന്നെ വി.എസിന്റെ വീട്ടിലെത്തി ആ ഭൗതിക ദേഹത്തിനു മുന്നിൽ തൊഴുതുനിന്നു .മടങ്ങാൻ മനസ് അനുവദിക്കാത്തതിനാൽ കുറെ നേരം അവിടെ ചുറ്റിപ്പറ്റിനിന്നു.പിന്നീട് ഒന്നുകൂടെ കാണണമെന്ന ആഗ്രഹത്താൽ ദർബാർ ഹാളിന്റെ നീണ്ട ക്യൂ വിലേക്ക്. വീണ്ടും കണ്ടു,ചിലർ വിതുമ്പി, ഏങ്ങലടക്കാനാകാതെ പൊട്ടിക്കരഞ്ഞു. ഇങ്ങനെയൊരു നേതാവ് ഇനിയില്ലല്ലോയെന്ന് പലരും ഇടറിയ സ്വരത്തിൽ പറഞ്ഞു. സ്വന്തം വീട്ടിലെ ഏറ്റവും പ്രിയപ്പെട്ടയാൾ വിടപറഞ്ഞെന്ന പോലെ ദു:ഖവും നഷ്ടബോധവും അവരുടെ മുഖത്തു നിഴലിച്ചിരുന്നു. ഓരോരുത്തർക്കും വി.എസിനെ കുറിച്ചു പറയാൻ ഓരോ കഥകൾ.
ദർബാർ ഹാളിനു മുന്നിൽ വി.എസിനെ കാണാൻ ക്യൂ നിന്നവരിൽ സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവരുണ്ടായിരുന്നു .ഹരിതകർമസേനക്കാരും,തൊഴിലുറപ്പുകാരും ,ചുമട്ടുതൊഴിലാളികളും ,സർക്കാർ ജീവനക്കാരും അങ്ങനെ സമൂഹത്തിന്റെ പരിച്ഛേദമായവരൊക്കെയുംഎത്തി. വി.എസിനെ കണ്ടേ തീരൂവെന്ന വാശിയിൽ ശാരീരിക വെല്ലുവിളികളെ മറന്ന് മറ്രുള്ളവരുടെ കൈസഹായത്തിലുംചിലർ ദർബാർ ഹാളിലെത്തി .
തിങ്കളാഴ്ച രാത്രി തമ്പുരാൻമുക്കിലെ വസതിയിൽ എത്തിച്ചപ്പോഴും അണമുറിയാത്ത പ്രവാഹമായിരുന്നു.രാത്രി രണ്ടര മണിക്ക് ടെക്നോപാർക്കിലെ ഡ്യൂട്ടി കഴിഞ്ഞ് ആൺ-പെൺ വ്യത്യാസമില്ലാതെ വലിയൊരു യുവാക്കളുടെ സംഘമെത്തിയിരുന്നു .അവരുടെ ചിന്തകളെയും സ്വപ്നങ്ങളെയും ഉൾക്കൊണ്ട നേതാവിന് അന്ത്യോപചാരമർപ്പിക്കാനെത്തിയതായിരുന്നു അവർ. രാഷ്ട്രീയത്തിൽ ധാർമ്മികതയ്ക്കു വലിയ വില കൽപ്പിക്കുന്ന യുവതലമുറയ്ക്ക് വി .എസ് എന്നും ആരാധ്യനായിരുന്നു വി.എസിനെ അവർ അത്രമേൽ സ്നേഹിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |