തിരുവനന്തപുരം: 'മധുവിന്റെ അത്രയും സൗന്ദര്യമുള്ള നായകന്മാർ പിന്നീട് എന്റെ സിനിമകളിൽ അഭിനയിച്ചിട്ടില്ല. നിർഭാഗ്യവശാൽ ഒരൊറ്റച്ചിത്രത്തിൽ മാത്രമേ ഞങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചിട്ടുള്ളൂ..." കണ്ണമ്മൂലയിലെ നടൻ മധുവിന്റെ വീട്ടിലിരുന്ന് മനസുതുറക്കവേ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ മനസിൽ ഒരു 'സ്വയംവരം" പീലിവിടർത്തി. ഓർമ്മകൾ കുഴലൂതിയപ്പോൾ ഒരുനിമിഷം മധു അടൂരിന്റെ ആദ്യചിത്രമായ സ്വയംവരത്തിലെ നായകൻ വിശ്വമായി. മോസ്കോയിലും പാരീസിലും ലണ്ടനിലുമുൾപ്പെടെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ ലഭിച്ച കൈയടികൾ കാതിലലയടിച്ചു.
പ്രേംനസീർ സുഹൃത്ത് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഓണനിലാവ് എന്ന പരിപാടിയുടെ ഭാഗമായി മധുവിന്റെ വസതിയിൽ ഓണക്കോടി നൽകാനെത്തിയതായിരുന്നു അടൂർ.
'പ്രതിഫലത്തിന്റെ കാര്യത്തിൽ ഒരുപിടിവാശിയും ഇല്ലാത്ത നായകനായിരുന്നു മധു. നടൻ കരമന ജനാർദ്ദനൻ നായർ ആയിരുന്നു ഞങ്ങളെ തമ്മിൽ പരിചയപ്പെടുത്തിയത്. എന്നാൽ, സ്വയംവരത്തിലെ നായകനും നായികയായ ശാരദയും മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ എന്നത് വേദനിപ്പിക്കുന്നു..." അടൂരിന്റെ വാക്കുകൾ മധു തലകുലുക്കി കേട്ടിരുന്നു. ഏതൊരു തുടക്കക്കാരനും മധുവിനെ സമീപിക്കാം. നല്ല മനുഷ്യരെ അപൂർവമായി മാത്രം കാണുന്ന കാലമാണിത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ദുഷ്പപ്രചാരണങ്ങൾ നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷങ്ങളുടെ അടുപ്പമുണ്ടെങ്കിലും അടൂർ ഇത്രയധികം സംസാരിക്കുന്നത് ആദ്യമായി കേൾക്കുകയാണെന്ന് മധു പറഞ്ഞു. സ്വയംവരത്തിൽ അഭിനയിക്കാനായത് ജീവിതത്തിലെ പുണ്യമാണെനും കൂട്ടിച്ചേർത്തു. പ്രേംനസീർ സുഹൃത്ത് സമിതിയുടെ നേതൃത്വത്തിൽ ഗായകർ ഓണപ്പാട്ടുകൾ ആലപിച്ചു. പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ട്രിവാൻഡ്രം ഡിസ്ട്രിക്ട് റോട്ടറി സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |