'ഉമ്മൻചാണ്ടിയുടെ പോസ്റ്റർ കീറിയവർ കോൺഗ്രസുകാരല്ല'

Sunday 10 May 2026 3:03 AM IST

കാസർകോട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചവർ യഥാർത്ഥ കോൺഗ്രസുകാരല്ലെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി .കോൺഗ്രസിനുള്ളിൽ നടക്കുന്ന വിഭാഗീയ പ്രവർത്തനങ്ങളും തെരുവ് പോരുകളും അവസാനിപ്പിക്കണം.തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും സംഘടനാ മര്യാദ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘടന ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ കഴിയുമെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പലരും വിഷയത്തിൽ പ്രതികരിക്കാത്തത് സമൂഹമാദ്ധ്യമങ്ങളിലെ ആക്രമണ ഭീഷണി മൂലമാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾ തമ്മിൽ അവസാനം വരെ രാഷ്ട്രീയ പോരാട്ടം നടക്കാമെങ്കിലും അത് തെരുവ് യുദ്ധമായി മാറരുത്. ഹൈക്കമാൻഡ് തീരുമാനം വന്നാൽ ഒടുവിൽ എല്ലാവരും അത് അംഗീകരിക്കും.