കെ.പി.സി.സി പ്രസിഡന്റ്: അര ഡസനിലേറെ നേതാക്കൾ രംഗത്ത്

Saturday 23 May 2026 2:22 AM IST

തിരുവനന്തപുരം: സണ്ണി ജോസഫ് മന്ത്രിസഭയിൽ ഉൾപ്പെട്ടതോടെ, ഒഴിവു വരുന്ന കെ.പി.സി.സി അദ്ധ്യക്ഷ പദവിക്കായി മുതിർന്ന നേതാക്കൾ അര ഡസനിലേറെ.

എം.പിമാരായ കൊടിക്കുന്നിൽ സുരേഷ് , അടൂർ പ്രകാശ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ഷാഫി പറമ്പിൽ എന്നിവരും മുൻ മന്ത്രി വി.എസ്. ശിവകുമാറുമാണ് രംഗത്തുള്ളത്. ജോസഫ് വാഴയ്ക്കനെ പ്രസിഡന്റാക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല

ആവശ്യപ്പെടുന്നു.നേരത്തെ, സണ്ണി ജോസഫിനൊപ്പം അടൂർ പ്രകാശിന്റെ പേരും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹം യു.ഡി.എഫ് കൺവീനറാണ്. അദ്ദേഹത്തെ അദ്ധ്യക്ഷനാക്കിയാൽ ഈഴവ പ്രാതിനിധ്യം ഉറപ്പാക്കാനാവും. പഴയ എ വിഭാഗമാണ് ബെന്നി ബഹനാന് വേണ്ടി വാദിക്കുന്നത്. മന്ത്രിസഭയിൽ ക്രൈസ്തവ വിഭാഗത്തിന് കാര്യമായ പ്രാതിനിധ്യം ലഭിച്ചിട്ടുള്ളതിനാൽ കെ.പി.സി.സി അദ്ധ്യക്ഷ പദം കൂടി നൽകുന്നത് അനുചിതമാവുമെന്ന അഭിപ്രായമുണ്ട്.

ഷാഫി പറമ്പിൽ അദ്ധ്യക്ഷ സ്ഥാനത്തിന് താത്പര്യം കാട്ടുന്നതായി സൂചനകളുണ്ടെങ്കിലും പരസ്യമായി അദ്ദേഹം അഭിപ്രായം പറഞ്ഞിട്ടില്ല. മുതിർന്ന നേതാവെന്നതിലുപരി ദളിത് വിഭാഗക്കാരനെന്ന പരിഗണന കിട്ടണമെന്നാണ് കൊടിക്കുന്നിലിന്റെ വാദം. വി.എസ് ശിവകുമാർ നേതൃത്വത്തെ ആഗ്രഹം അറിയിച്ചതായി കേൾക്കുന്നു. ഇന്ന് ഡൽഹിയിൽ എ.ഐ.സി.സി നേതാക്കളുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ നടത്തുന്ന കൂടിക്കാഴ്ചയിൽ കെ.പി.സി.സി പ്രസിഡന്റു മാറ്റവും ചർച്ചയായേക്കാം.

കെ.പി.സി.സി പുനഃസംഘടനയും അനിവാര്യമാണ്. 13 കെ.പി.സി.സി വൈസ് പ്രസിഡന്റുമാരിൽ ആറു പേർ ഇപ്പോൾ എം.എൽ.എമാരാണ്. ഒരാൾ മന്ത്രിയും മറ്റൊരാൾ എം.പിയും. 59 ജനറൽ സെക്രട്ടറിമാരിൽ ഒൻപത് പേർ എം.എൽ.എമാരും ഒരാൾ മന്ത്രിയുമായി.. കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം ഡി.സി.സി അദ്ധ്യക്ഷന്മാരും തിരുവനന്തപുരം ഡി.സി.സിയുടെ ചുമതലക്കാരനും എം.എൽ.എമാരാണ്. ഡി.സി.സി പുനഃസംഘടനയും വേണ്ടി വരും.

യൂത്ത് കോൺഗ്രസ്

നേതൃത്വത്തിലും മാറ്റം

യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഒ.ജെ.ജനീഷ് മന്ത്രിയായി. ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന കെ.എം.അഭിജിത്ത് എം.എൽ.എയാണ്. ബിനു ചുള്ളിയിലിന് വേണ്ടി കെ.സി വേണുഗോപാൽ പക്ഷം ശ്രമിച്ചേക്കാം. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയാണ് . ധർമ്മടത്ത് പിണറായി വിജയനെ വിറപ്പിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ റഷീദിനെ പ്രസിഡന്റാക്കാനുള്ള നീക്കം ചെന്നിത്തല വിഭാഗം നടത്തുന്നതായും അറിയുന്നു.