മാതൃകയെന്ന് വി.ഡി. സതീശൻ,​ ബാറ്റിംഗ് സൈഡ് നിയമിച്ച അമ്പയറാകരുതെന്ന് പിണറായി

Saturday 23 May 2026 2:22 AM IST

തിരുവനന്തപുരം: നിയമസഭാ സാമാജികൻ മണ്ഡലത്തിലും സഭയിലും എങ്ങനെ പ്രവർത്തിക്കണമെന്നതിന് ഉത്തമ മാതൃകയാണ് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. എല്ലാ വകുപ്പുകളെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ഗ്രാഹ്യമുണ്ട്. ജനഹിതം അനുസരിച്ച് തീരുമാനമെടുക്കാൻ കഴിയുന്നയാളാണ് തിരുവഞ്ചൂരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സുദീർഘമായ പ്രവർത്തന പരിചയമാണ് തിരുവഞ്ചൂരിന്റേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ബാറ്റിംഗ് സൈഡ് നിയമിച്ച അമ്പയറായി സ്‌പീക്കർ മാറാതിരിക്കട്ടെ,​ നിഷ്പക്ഷമായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രതിപക്ഷത്തിന്റെ എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സരസമായി കാര്യങ്ങൾ പറയാനും ഗൗരവത്തിൽ ക്രമ പ്രശ്‌നങ്ങൾ ഉന്നയിക്കാനും ആരെയും വേദനിപ്പിക്കാതെ വാക്കുതർക്കം നടത്താനും തിരുവഞ്ചൂർ മിടുക്കനാണ്. അതെല്ലാം അദ്ദേഹത്തിന്റെ ശൈലിയാണെന്നും സഭാ നടത്തിപ്പിന് അത് ഗുണകരമാകുമെന്നും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുതിയ അംഗങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും എല്ലാവിഭാഗങ്ങൾക്കും അർഹമായ പരിഗണന ഉറപ്പാക്കണമെന്നും ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സ്‌പീക്കർ സ്ഥാനത്തേക്ക് മത്സരിച്ച ഇടതുമുന്നണിയുടെ എ.സി.മൊയ്തീൻ,​ബി.ജെ.പിയുടെ ബി.ബി.ഗോപകുമാർ,​കക്ഷിനേതാക്കളായ കെ.രാജൻ,പി.കെ.പ്രവീൺ,അനൂപ് ജേക്കബ്,മോൻസ് ജോസഫ്,സി.പി.ജോൺ,കെ.കെ.രമ,മാണി.സി.കാപ്പൻ,ഷിബു ബേബിജോൺ തുടങ്ങിയവർ ആശംസനേർന്ന് സംസാരിച്ചു. ജനാധിപത്യപരമായി കാര്യങ്ങൾ നടത്തിക്കൊണ്ടുപോകണമെന്നാണ് ആഗ്രഹം,​ ജനഹിതം സംരക്ഷിക്കാൻ പരമാവധി ശ്രമിക്കുമെന്ന് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മറുപടി പറഞ്ഞു.