കൈ നഷ്ടം : "കേരളം" പേരുമാറ്റം ഉടനുണ്ടായേക്കില്ല

Saturday 23 May 2026 1:29 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് കേരള എന്നതിന് പകരം കേരളം എന്നാക്കുന്നതിന് നടപടികൾ ഉടനുണ്ടായേക്കില്ല. കേന്ദ്രസർക്കാരിന്റെ തുടർ നിർദ്ദേശം വന്നതിന് ശേഷമാകും ഇടപെടലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിൽ കേന്ദ്രമന്ത്രി സഭയാണ് പേരുമാറ്റത്തിന് അംഗീകാരം നൽകിയത്. കേരള എന്നത് 'കേരളം' ആകാൻ പേരുമാറ്റി കേന്ദ്ര സർക്കാർ നിയമം പാസാക്കിയാലേ തുടർനടപടികൾ സാദ്ധ്യമാകൂ. ബിൽ തയ്യാറാക്കാൻ സമയമെടുത്തേക്കും. രാഷ്ട്രപതിയുടെ ശുപാർശയോടെ തയ്യാറാക്കുന്ന ബില്ലിൽ കേരള നിയമസഭയുടെ അഭിപ്രായവും തേടും. നിയമസഭ ചേർന്നിട്ടാണ് അഭിപ്രായമറിയിക്കേണ്ടി വരിക. കേന്ദ്രനിർദ്ദേശം ലഭിച്ചാലേ അതെല്ലാം ആലോചിക്കൂ.

കൈച്ചെലവ് കോടികൾ !

പേരുമാറ്റം കോടികളുടെ ചെലവുണ്ടാക്കുന്ന ഏർപ്പാടാണ്. അതുകൊണ്ട് പുതിയ സർക്കാർ പെട്ടെന്ന് അതിലേക്ക് കടക്കാനിടയില്ലെന്നാണ് സൂചന. കേരളം എന്ന് ഇംഗ്ലീഷ് - ഹിന്ദി ഭാഷകളിലാണ് മാറ്റം വരുത്തേണ്ടി വരിക. ടൂറിസം മേഖലയിലും മറ്റും ബ്രാൻഡിംഗിൽ ഉൾപ്പെടെ പേര് മാറ്റം നടപ്പിലാക്കണം. ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരിലും 'കേരള' ഉണ്ട്. ബോർഡുകളും മറ്റും വ്യാപകമായി മാറ്റണം. യൂണിവേഴ്സിറ്റികളുടെ പേര് മാറ്റുന്നതും വലിയ പ്രത്യാഘാതമുണ്ടാക്കും. സർട്ടിഫിക്കറ്റുകളിൽ ഉൾപ്പെടെ മാറ്റം വേണ്ടി വരും.