സ‌ർക്കാരിനോട് ഹൈക്കോടതി:വയനാട് പുനരധിവാസം എപ്പോൾ പൂർത്തിയാക്കും?

Saturday 22 February 2025 1:53 AM IST

കൊച്ചി: വയനാട് പുനരധിവാസ പദ്ധതികൾ എപ്പോൾ തുടങ്ങുമെന്നും എപ്പോൾ പൂർത്തിയാകുമെന്നും അറിയിക്കാൻ ഹൈക്കോടതി നിർദേശം. പദ്ധതികളുടെ വിശദാംശങ്ങളും അറിയിക്കണം.

രേഖകളും വിശദാംശങ്ങളും രണ്ടോ മൂന്നോ ദിവസം മുമ്പെങ്കിലും ഫയൽചെയ്യണം. ഹർജി പരിഗണിക്കുന്ന ദിവസം കിട്ടിയാൽ വിശദമായി പരിശോധിക്കാനാവില്ലെന്നും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് പറഞ്ഞു.

ചൂരൽമല-മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

വയനാടിന് കേന്ദ്രസർക്കാർ അനുവദിച്ച വായ്പയായ 529.50കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച് സർക്കാരിന്റെ ആശങ്ക രേഖാമൂലം കോടതിയെ അറിയിക്കണം. കേന്ദ്രത്തോട് വ്യക്തത തേടിയിട്ടുണ്ടെന്ന് അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച രേഖകൾ ഇന്നലെയാണ് കോടതിയിൽ സമർപ്പിച്ചത്. വിവരങ്ങൾ നേരത്തേ അറിയിക്കാതിരുന്നതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേന്ദ്ര സർക്കാർ അഭിഭാഷകനും ഇത് കൈമാറിയിരുന്നില്ല.

ദുരന്തബാധിത മേഖലകളിലെ നദികളിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കുന്ന ജോലി മാർച്ച് ആദ്യവാരം തുടങ്ങി മഴക്കാലത്തിനു മുൻപ് പൂർത്തിയാക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാര്യങ്ങൾ കടലാസിലല്ല,പ്രവൃത്തിയിലാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. ഹർജി വീണ്ടും പരിഗണിക്കുന്ന മാർച്ച് മൂന്നിന് ഇതിന്റെ ടൈംടേബിൾ നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.