അക്രമം വർദ്ധിക്കുന്നു; വിമർശിച്ച് ജി.സുധാകരൻ
തിരുവനന്തപുരം: കേരളത്തിൽ ഓരോ ദിവസവും അക്രമം ശക്തിപ്പെടുന്ന സ്ഥിതിയാണെന്ന് മുതിർന്ന സി.പി.എം നേതാവ് ജി.സുധാകരൻ. മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കെ.പി.സി.സി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയക്കാരനായാൽ സത്യം പറയാനാവാത്ത സ്ഥിതിയാണ്. മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും വിശ്വപൗരന്മാരാണ്. എന്നാൽ,ഇന്ന് വിശ്വപൗരനെന്ന് പറയപ്പെടുന്നത് മറ്റുപലരെയുമാണ്. ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥരെയല്ല വിശ്വപൗരനെന്ന് പറയേണ്ടതെന്നും ഡോ.ശശി തരൂരിന്റെ പേരെടുത്ത് പറയാതെ ജി.സുധാകരൻ വിമർശിച്ചു.
' മൊഴിയും വഴിയും ആശയസാഗര സംഗമം ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയാവതരണം നടത്തി. സി.പി.ഐ നേതാവ് സി.ദിവാകരൻ, പ്രൊഫ.ജി.ബാലചന്ദ്രൻ, ബി.എസ്.ബാലചന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സംസാരിച്ചു.
പരസ്‌പരം പുകഴ്‌ത്തി നേതാക്കൾ
കേരളത്തിന്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് ജി.സുധാകരനെന്നും സി.ദിവാകരൻ ജ്യേഷ്ഠ സഹോദരനാണെന്നും വി.ഡി.സതീശൻ പറഞ്ഞു. സതീശൻ കരുത്തുറ്റ നേതാവാണെന്നും രമേശ് ചെന്നിത്തല ഇരുത്തംവന്ന നേതാവാണെന്നും സുധാകരനും പ്രശംസിച്ചു.