തിരുവനന്തപുരം:സാമ്പത്തിക വർഷത്തിന്റെ അവസാനദിവസമെന്ന നിലയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കയില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. 24,000 കോടിയിലേറെ രൂപയുടെ ഇടപാട് ഈ മാസം മാത്രം ട്രഷറി മുഖാന്തിരം നടന്നു.
ജില്ലാ ട്രഷറി സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക വർഷം മാർച്ച് 31വരെയുണ്ടെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ അവധിയായതിനാൽ 29ന് അവസാനിക്കുകയായിരുന്നു. 26ന് വൈകിട്ട് അഞ്ചുവരെ ബില്ലുകൾ സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നു. വലിയ പരാതികളില്ലാതെ ബില്ലുകളിൽ തീരുമാനമെടുക്കാനായി. 27ന് മാത്രം 26,000 ബില്ലുകൾ മാറി. ട്രഷറിയിലെയും വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ അധികജോലി ചെയ്തതിനാലാണ് ഇത് സാധിച്ചത്. 26വരെ സമർപ്പിച്ച ബില്ലുകളെല്ലാം പാസാക്കും. അത്യാവശ്യമുള്ള കാര്യങ്ങളെല്ലാം ചെയ്യാനായിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് പിടിച്ചുവച്ചു എന്നായിരുന്നു പ്രതിപക്ഷം നിയമസഭയിൽ ആവർത്തിച്ചുകൊണ്ടിരുന്നത്. അതിൽ യാതൊരു അടിസ്ഥാനവുമില്ല. തദ്ദേശസ്ഥാപനങ്ങൾക്ക് 100 ശതമാനത്തിലേറെ തുക നൽകി.
സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട രീതിയിലാണ്. എന്നാൽ, നമുക്ക് അവകാശപ്പെട്ട പണത്തിന്റെ വലിയൊരു ഭാഗം കേന്ദ്രത്തിൽനിന്ന് ലഭിക്കുന്നില്ല. ധനകമ്മിഷൻ വിഹിതം കുറഞ്ഞതും വായ്പാപരിധി വെട്ടിക്കുറച്ചതും കേരളത്തെ ബാധിച്ചിട്ടുണ്ട്. എങ്കിലും വലിയ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു. രാജ്യത്തെ ബി.ജെ.പി ഇതര സംസ്ഥാനങ്ങളെല്ലാം പ്രയാസത്തിലാണ്.
വിഴിഞ്ഞം തുറമുഖ വികസനത്തിന് കേന്ദ്രത്തിൽനിന്നുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കാൻ തീരുമാനിച്ചത് പ്രത്യേക സാഹചര്യത്തിലാണ്. വിജിഎഫ് സംസ്ഥാനങ്ങൾക്ക് ഗ്രാന്റായി നൽകിയിരുന്നതാണ്. അത് കടമായിട്ടാണ് ഇപ്പോൾ അനുവദിക്കുന്നത്. വി.ജി.എഫിനു പകരം കടമെടുക്കാമായിരുന്നു. നേരത്തെതന്നെ കേന്ദ്രസർക്കാരുമായി സംസാരിച്ചതിനാൽ വിജിഎഫ് സ്വീകരിച്ചു. കേന്ദ്രസർക്കാരുമായി നല്ല ബന്ധം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |