തിരുവനന്തപുരം: ഇന്ത്യയിലെ ബഹിരാകാശ ഗവേഷണ മേഖലയെ പുതിയ തലങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ ഐ.എസ്.ആർ.ഒയുടെ പ്രതിഭാശാലിയായ മേധാവികളിലൊരാളായിരുന്നു ഇന്നലെ അന്തരിച്ച ഡോ.കെ.കസ്തൂരിരംഗൻ.
ഒൻപത് വർഷക്കാലം ഐ.എസ്.ആർ.ഒ മേധാവിയായിരുന്ന മലയാളിയായ കസ്തൂരിരംഗനാണ് ചന്ദ്രയാൻ അടക്കമുള്ള ഇന്ത്യയുടെ ബഹുമുഖ ബഹിരാകാശ പദ്ധതികളുടെ ആശയാവിഷ്കാരങ്ങൾക്ക് തുടക്കമിട്ടത്. ഐ.എസ്.ആർ.ഒ.യിൽ നിന്ന് വിരമിച്ചശേഷം കേന്ദ്രസർക്കാരുകളുടെ ട്രബിൾ ഷൂട്ടറുമായിരുന്നു.
വിവാദവിഷയങ്ങളിൽ പരിഹാരങ്ങളുണ്ടാക്കാൻ കമ്മിഷനായി അദ്ദേഹം നിയോഗിക്കപ്പെട്ടു. വിവാദങ്ങളോട് മുഖം തിരിച്ച് നിൽക്കാൻ ഇഷ്ടപ്പെട്ടിരുന്നെങ്കിലും വിവാദങ്ങളിൽ നിറഞ്ഞുനിന്നു.
അദ്ദേഹം ഐ.എസ്.ആർ.ഒ ചെയർമാനായിരിക്കുമ്പോഴാണ് ചാരക്കേസ് ഉണ്ടാകുന്നത്. യു.ആർ.റാവുവിൽ നിന്ന് ചെയർമാൻ സ്ഥാനം ഏറ്റെടുത്ത സമയത്തായിരുന്നു അത്. കേസിൽപ്പെട്ട ശാസ്ത്രജ്ഞരായ നമ്പിനാരായണനും ശശികുമാറിനുമെതിരെ തുടക്കത്തിൽത്തന്നെ എടുത്തുചാടി നടപടികൾ സ്വീകരിച്ച കസ്തൂരി രംഗന്റെ നിലപാട് പിന്നീട് വിമർശനവിധേയമായിരുന്നു.ചാരക്കേസ്സ് വെറും മാദ്ധ്യമസൃഷ്ടിയെന്ന ഇസ് റോ വാദത്തിന്റെ മുനയൊടിക്കുന്നതായിരുന്നു ഈ നിലപാട്. ഇസ് റോയിൽ നിന്ന് ശാസ്ത്രസാങ്കേതിക വിദ്യ മോഷണം പോയിട്ടില്ലെന്ന് ചെയർമാനും ബഹിരാകാശ വകുപ്പ് സെക്ക്രട്ടറിയുമായ കസ്തൂരി രംഗൻ അന്നൊരു വാക്ക് പറഞ്ഞിരുന്നുവെങ്കിൽ ചാരക്കേസ് തുടക്കത്തിലെ ആവിയാകുമായിരുന്നു.എന്നാൽ തന്റെ രണ്ട് പ്രധാന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച് മാദ്ധ്യമ വാർത്തകൾക്ക് ആക്കം കൂട്ടുകയായിരുന്നു അദ്ദേഹം. എന്നാൽ, ചാരക്കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ നിന്ന് ഐ.എസ്.ആർ.ഒയെ മാറ്റിനിറുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം ഒരുപരിധിവരെ വിജയിക്കുകയും ചെയ്തു.
പശ്ചിമഘട്ട റിപ്പോർട്ട്
പശ്ചിമഘട്ടത്തെ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് അദ്ദേഹം നൽകിയ റിപ്പോർട്ടും വിവാദമായിരുന്നു. 2013ലാണ് കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട് നൽകിയത്. മാധവ് ഗാഡ്ഗിൽ സമിതിയുടെ പരിസ്ഥിതി റിപ്പോർട്ട് സംബന്ധിച്ച് ചില സംസ്ഥാന സർക്കാരുകളടക്കം ആശങ്ക ഉന്നയിച്ചപ്പോഴാണ് അതിലെ ശുപാർശകൾ വിലയിരുത്തി പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കാൻ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ കേന്ദ്രം നിയോഗിച്ചത്.
പശ്ചിമഘട്ട മലനിരകളുടെ നാലിൽ മൂന്ന് ഭാഗവും പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശകളിൽ വിയോജിപ്പ് രേഖപ്പെടുത്തി ഏകദേശം 37% ഇപ്രകാരമുള്ള പ്രദേശമാണെന്ന് വിലയിരുത്തി കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഇതിനെതിരെയും പരിസ്ഥിതിവാദികൾ രംഗത്തെത്തി. എന്നാൽ, സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രസർക്കാരിനും പ്രിയപ്പെട്ടതായിരുന്നു റിപ്പോർട്ട്.
2020ൽ കസ്തൂരിരംഗന്റെ നേതൃത്വത്തിൽ 11അംഗ വിദഗ്ദ്ധസമിതി സമർപ്പിച്ച ദേശീയ വിദ്യാഭ്യാസ നയരേഖയുടെ അടിസ്ഥാനത്തിലാണ് രണ്ടാം നരേന്ദ്രമോദി സർക്കാർ പുതിയ വിദ്യാഭ്യാസനയം കൊണ്ടുവന്നത്. അതും വിവാദമായെങ്കിലും നടപ്പായി. കസ്തൂരിരംഗൻ തൊട്ടതെല്ലാം വിവാദമായെങ്കിലും ഒന്നും പാഴായില്ല. രാജ്യത്തിന്റെ ചരിത്രത്തെ ഏതെങ്കിലും വിധത്തിൽ സ്വാധീനിച്ചവയായിരുന്നു അവ ഓരോന്നും.ഭാരതത്തിലെ തിളക്കമുള്ള നക്ഷത്രമെന്നാണ് ആർ.എസ്.എസ് സർ സംഘചാലക് മോഹൻ ഭാഗവത് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |