മഴക്കാല രോഗങ്ങളെ തടയാം ഡെങ്കി മേഖലകൾ കേന്ദ്രീകരിച്ച് പ്രതിരോധം

Sunday 24 May 2026 1:57 AM IST

തിരുവനന്തപുരം: മുൻകാലങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത മേഖലകളിൽ കൂടുതൽ പ്രതിരോധം കടുപ്പിക്കാൻ ആരോഗ്യവകുപ്പ്. തദ്ദേശവാർഡ് തലങ്ങളിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കും. ഇന്നലെ മന്ത്രി കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് നിർദ്ദേശങ്ങൾ നൽകിയത്. പകർച്ചവ്യാധി വ്യാപനമുണ്ടായാൽ മതിയായ ചികിത്സ ലഭ്യമാക്കണം. മരുന്നുകളുടെ ലഭ്യതയ്ക്കും അടിയന്തര പ്രാധാന്യം നൽകണം. ഡെങ്കിപ്പനി നിയന്ത്രിക്കാൻ വീടുകൾക്കുള്ളിൽ സ്‌പ്രേ ചെയ്യാനാവശ്യമായ മണ്ണെണ്ണയുടെ ലഭ്യത ഉറപ്പുവരുത്താൻ സിവിൽ സപ്ലൈസ് വകുപ്പുമായി ഏകോപനം നടത്തണം. അമീബിക് മസ്തിഷ്‌ക ജ്വരം തടയാൻ റിസോർട്ടുകളിലുൾപ്പെടെയുള്ള നീന്തൽക്കുളങ്ങളിലെയും നീന്തൽ പരിശീലനകേന്ദ്രങ്ങളിലെയും വെള്ളം ക്ലോറിനേഷൻ ചെയ്യണം. കിണറുകൾ,ഓവർ ഹെഡ് ടാങ്കുകൾ എന്നിവ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. മലിനജലവുമായി സമ്പർക്കമുള്ള തൊഴിലിലേർപ്പെടുന്നവർ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിൻ കഴിക്കണം. കുടിവെള്ളം കൃത്യമായി അണുനശീകരണം നടത്താൻ ജലവിഭവ വകുപ്പ്, ജലനിധി എന്നിവയുമായി ഏകോപിപ്പിച്ച് നടപടിയെടുക്കണം.

അതിഥി തൊഴിലാളികളിൽ മലമ്പനി കണ്ടെത്തിയാൽ അടിയന്തര ചികിത്സ നൽകി രോഗവ്യാപനം തടയണം.

ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ.എൻ.ഖോബ്രഗഡെ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ രാഹുൽ കൃഷ്ണ ശർമ്മ,ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ജില്ലകളിൽ പ്രത്യേകയോഗം

രോഗപ്രതിരോധം ഏകോപിപ്പിക്കാൻ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പു മേധാവികൾ തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാൻ എന്നിവരുടെ യോഗം വിളിക്കാൻ നിർദ്ദേശിച്ചു. ആശാപ്രവർത്തകർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കി പ്രതിരോധ നടപടികൾ സ്വീകരിക്കും. സ്‌കൂളുകൾ തുറന്നാൽ ആദ്യ പി.ടി.എ യോഗത്തിൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ രോഗപ്രതിരോധ മാർഗനിർദ്ദേശങ്ങൾ നൽകണം.