അനുമതിയില്ലാതെ മാദ്ധ്യമങ്ങളോട് സംസാരിച്ചു; എൻ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

Sunday 03 May 2026 11:07 AM IST

തിരുവനന്തപുരം: അനുമതിയില്ലാതെ മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. സർക്കാരിനെതിരെ മാദ്ധ്യമങ്ങളോട് സംസാരിച്ചതിനാണ് നടപടി. ഇത് എട്ടാമത്തെ തവണയാണ് പ്രശാന്തിനെതിരെ നടപടി സ്വീകരിക്കുന്നത്. നിലവിൽ സസ്‌പെൻഷനിലാണ് അദ്ദേഹം. ചീഫ് സെക്രട്ടറിയാണ് എൻ പ്രശാന്തിന് നോട്ടീസ് നൽകിയത്.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരിലാണ് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്. കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരിക്കെയാണ് സസ്‌പെൻഷൻ. ജയതിലകിനെ സോഷ്യൽ മീഡിയയിൽ പരിഹാസം കലർത്തി വിമർശിക്കുകയായിരുന്നു എൻ പ്രശാന്ത്. ജയതിലക് കൽപ്പിക്കുന്ന രീതിയിൽ ഫയലും റിപ്പോർട്ടും നോട്ടുമെഴുതാൻ വിസമ്മതിച്ച സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും നശിപ്പിച്ചെന്നാണ് പ്രശാന്തിന്റെ ആരോപണം. വെളിപ്പെടുത്തലുകൾ തുടരുമെന്നും പ്രശാന്ത് അസന്നിദ്ധമായി പ്രഖ്യാപിച്ചിരുന്നു.