തിരുവനന്തപുരം: രോഗം പിടിപെട്ടതും പരിക്കേറ്റതുമായ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കും. തദ്ദേശ സ്ഥാപനങ്ങൾക്കാണ് ചുമതല. വെറ്ററിനറി സർജൻ സാക്ഷ്യപ്പെടുത്തണം. പേപ്പട്ടി ശല്യം രൂക്ഷമായിരിക്കെ ആശ്വാസമാവും സർക്കാർ തീരുമാനം. ഗുരുതര രോഗമെങ്കിൽ വളർത്തുനായകളെയും ദയാവധം നടത്താം. ആനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് ആൻഡ് പ്രൊസീജേർസ് റൂൾസ് സെക്ഷൻ 8 (എ) പ്രകാരമാണ് ദയാവധമെന്ന് മന്ത്രിമാരായ എം.ബി.രാജേഷും ജെ.ചിഞ്ചുറാണിയും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പകരുന്ന രോഗമുള്ള മൃഗത്തെ കൊല്ലാൻ സർക്കാരിന് അധികാരം നൽകുന്ന നിയമം 2023ലാണ് പ്രാബല്യത്തിൽ വന്നത്. ആക്രമണകാരികളായ നായ്ക്കളെ കൊല്ലാൻ നിയമതടസമുണ്ട്. തെരുവുനായ്ക്കൾ ഓടിനടന്ന് വഴിയാത്രക്കാരെ കടിക്കുന്നത് നിത്യസംഭവമാണ്. ഇവ ചാവുകയാണെങ്കിൽ പരിശോധിച്ച് പേ ബാധ സ്ഥിരീകരിക്കാനേ നിലവിൽ നിവൃത്തിയുള്ളൂ. ഇനി നായ്ക്കളെ പിടികൂടി വെറ്ററിനറി ഡോക്ടറുടെ അനുമതിയോടെ ദയാവധം നടത്താനാവും. രോഗം വന്ന് അവശനിലയിലും ധാരാളം നായ്ക്കൾ തെരുവിലുണ്ട്.
തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ, തദ്ദേശ, നിയമ വകുപ്പുകളുടെ സംയുക്ത ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. അടുത്തമാസം തെരുവുനായ വാക്‌സിനേഷൻ യജ്ഞം നടത്തും. സെപ്തംബറിൽ വളർത്തുനായ്ക്കൾക്ക് വാസ്‌കിനേഷൻ, ലൈസൻസ് ക്യാമ്പ് സംഘടിപ്പിക്കും.
മൊബൈൽ വന്ധ്യംകരണം തടഞ്ഞാൽ കേസ്
തെരുവുനായ വന്ധ്യംകരണത്തിന് 152 ബ്ലോക്കുകളിൽ മൊബൈൽ പോർട്ടബിൾ എ.ബി.സി കേന്ദ്രങ്ങൾ
ഒരു യൂണിറ്റിന് 28 ലക്ഷം രൂപ ചെലവ്. ഓഡർ നൽകിയാൽ രണ്ടു മാസത്തിനുള്ളിൽ ലഭിക്കും
വാഹനം സൂക്ഷിക്കാൻ അനുയോജ്യ സ്ഥലം പഞ്ചായത്തും മുനിസിപ്പാലിറ്റിയും കണ്ടെത്തും
മൊബൈൽ എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തുന്നവർക്കെതിരെ കേസ്
സി.ആർ.പി.സി 107, ഐ.പി.സി 186 വകുപ്പുകൾ ചുമത്താൻ പൊലീസിന് നിർദ്ദേശം നൽകും
പട്ടി പിടിത്തത്തിന് 158 പേർ, ഒന്നിന് 300 രൂപ
പട്ടിപിടിത്തത്തിൽ പരിശീലനം നേടിയ 158 പേരുണ്ട്. കുടുംബശ്രീ മുഖേന കൂടുതൽ പേരെ കണ്ടെത്തും. വന്ധ്യംകരണത്തിന് പട്ടിയെ പിടിക്കുന്നവർക്ക് 300 രൂപ നൽകും. വന്ധ്യംകരണത്തിന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ സേവനം പ്രയോജനപ്പെടുത്തും.
മാലിന്യം വലിച്ചെറിയാതെ ജനം സഹകരിച്ചാൽ നായശല്യം കുറയും. എ.ബി.സി ചട്ടങ്ങളിൽ ഇളവിന് കേന്ദ്രത്തെ സമീപിക്കും
-എം.ബി.രാജേഷ്
തദ്ദേശമന്ത്രി
നായ്ക്കളിൽ ചിപ്പ് ഘടിപ്പിക്കുന്നത് വ്യാപകമാക്കും. വാക്‌സിനേഷൻ നടത്തിയോ, ലൈസൻസ് ഉണ്ടോയെന്ന് അറിയാനാകും.
-ജെ.ചിഞ്ചു റാണി
മൃഗസംരക്ഷണ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |