□അവഹേളനം അദ്ധ്യാപക കൈപ്പുസ്തകത്തിൽ
തിരുവനന്തപുരം: സ്കൂൾ അദ്ധ്യാപകർക്കായി എസ്.സി.ഇ.ആർ.ടി തയാറാക്കിയ കൈപ്പുസ്തകത്തിന്റെ കരടിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ അവഹേളിക്കുന്ന പരാമർശം കടന്നു കൂടിയതിൽ രചനാ സമിതി അംഗങ്ങൾക്കെതിരെ കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. രചനാ സമിതി അംഗങ്ങളായ 11 പേരെ എസ്.സി.ഇ.ആർ.ടിയുമായി ബന്ധപ്പെട്ട എല്ലാ രചനാ പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കി.
മന്ത്രി വി.ശിവൻകുട്ടിയാണ് ഇത് സംബന്ധിച്ച് എസ്.സി.ഇ.ആർ.ടിക്ക് നിർദ്ദേശം നൽകിയത്.
ചരിത്ര വസ്തുതകളെ രാഷ്ട്രീയ ലക്ഷ്യത്തിനായി വളച്ചൊടിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടല്ല സംസ്ഥാന സർക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു.അവ യാഥാർത്ഥ്യ ബോധത്തോടെ കുട്ടികളിലെത്തിക്കുകയെന്ന നയമാണ് പാഠ്യ പദ്ധതി പരിഷ്‌കരണത്തിൽ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജർമ്മനിയിലേക്ക് പലായനം
ചെയ്തെന്ന വിവാദ പരാമർശമാണ് നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം അദ്ധ്യാപക പഠന സഹായിയുടെ കരടിൽ ചേർത്തത്. കരട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഓൺലൈനായി പ്രസിദ്ധീകരിച്ച കോപ്പി പ്രിന്റ് ചെയ്തിരുന്നില്ല.കരടിലെ പിശക് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ എസ്.സി.ഇ.ആർ.ടി തിരുത്തൽ വരുത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. തിരുത്തിയ കരട് കോപ്പി എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |