നെയ്യാറ്റിൻകരയിൽ വയോധിക ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില ഗുരുതരം 

Monday 02 March 2026 11:24 AM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധിക ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ചു. നെയ്യാറ്റിൻകര സ്വദേശിനിയായ നളിനികുമാരി ആണ് വീടിന് പിന്നിൽ ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വീടിന്റെ പിൻവശത്ത് വിറക് കൂട്ടിയിട്ട് ചിതയൊരുക്കി തീ കൊളുത്തിയ ശേഷം നളിനകുമാരി അതിലേക്ക് ഇറങ്ങിക്കിടക്കുകയായിരുന്നു. തീ കത്തുന്നത് കണ്ട് ഓടിയെത്തിയ അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടൻ തന്നെ തീ അണച്ച് നളിനകുമാരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

ഒരു വർഷമായി നളിനകുമാരിയുടെ ഭർത്താവ് രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മക്കളെല്ലാം വിദേശത്താണെന്നാണ് ലഭിക്കുന്ന വിവരം. ഭർത്താവിന്റെ അസുഖവും ഒറ്റപ്പെടലും കാരണം നളിനകുമാരി കുറച്ചുനാളുകളായി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.