 140 കമ്പനി കേന്ദ്രസേന, 76000 പൊലീസ് കനത്ത സുരക്ഷയിൽ വോട്ടെടുപ്പ്

Wednesday 08 April 2026 12:00 AM IST

തിരുവനന്തപുരം: വോട്ടെടുപ്പിൽ അക്രമം തടയാനും അനിഷ്ടസംഭവങ്ങളൊഴിവാക്കാനും പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. 76000ലേറെ പൊലീസ് സേനാംഗങ്ങൾക്ക് പുറമെ 140 കമ്പനി കേന്ദ്രസേനയെയും 20 കമ്പനി തമിഴ്‌നാട് പൊലീസിനെയും വിന്യസിക്കും.

പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ്‌ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. കള്ളവോട്ട്, ബൂത്തുപിടിത്തം, അക്രമം എന്നിവ തടയാൻ പ്രശ്നബാധിത ബൂത്തുകളിൽ ഡ്രോൺ നിരീക്ഷണമുണ്ടാവും. 2,500 പ്രശ്നബാധിത പോളിംഗ് ബൂത്തുകളടക്കം സംസ്ഥാനത്തെ 30,471 ബൂത്തുകളിലേക്ക് 28,209 സ്പെഷ്യൽ പൊലീസ് ഓഫീസർമാർ അടക്കം 76,203 പേർ സുരക്ഷയ്ക്കുണ്ടാവും. പൊലീസിനു പുറമേ സ്പെഷ്യൽ യൂണിറ്റുകൾ, ബറ്റാലിയനുകൾ, മറ്റ് വകുപ്പുകൾ എന്നിവിടങ്ങളിലെ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ്, ബി.എസ്.എഫ്, സശസ്ത്ര സീമാബാൽ, ദ്രുതകർമ്മസേന എന്നിങ്ങനെ കേന്ദ്രസേനകളാണ് സംസ്ഥാനത്തുള്ളത്.

അതീവപ്രശ്ന സാദ്ധ്യതയുള്ള എ വിഭാഗത്തിലെ ബൂത്തുകളിൽ നാല് വീതം കേന്ദ്രസേനാംഗങ്ങളും ബി വിഭാഗം ബൂത്തുകളിൽ രണ്ടുവീതം സേനാംഗങ്ങളുമുണ്ടാവും. ഇവിടെ അധികം പൊലീസുമുണ്ടാവും. ഗ്രൂപ്പ് പട്രോൾ, പൊലീസ് പിക്കറ്റുകൾ, നിരീക്ഷണസംവിധാനം എന്നിവയൊരുക്കും. എസ്.പിയുടേയോ സബ്ഡിവിഷണൽ ഉദ്യോഗസ്ഥരുടേയോ ഉത്തരവ് പ്രകാരമാവും കേന്ദ്രസേനയുടെ പ്രവർത്തനം. ക്രമസമാധാനപാലനം, തിരക്ക് നിയന്ത്രിക്കൽ, വോട്ടർമാരെ സഹായിക്കൽ എന്നിവയ്ക്കും കേന്ദ്രസേനയെ നിയോഗിക്കും.

തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായി

-റവാഡാ ചന്ദ്രശേഖർ,

പൊലീസ് മേധാവി