മാനന്തവാടി : ''എന്റെ ഡാഡിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുതേ... എന്നെപ്പോലെ വേറൊരു കൊച്ചും കരയരുതേ...''. കൊലയാളി കാട്ടാന ബേലൂർ മഗ്ന കൊലപ്പെടുത്തിയ പടമല പനച്ചിയിൽ അജീഷിന്റെ പന്ത്രണ്ടുകാരിയായ മകൾ അൽന പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് കൈകൂപ്പി പൊട്ടിക്കരഞ്ഞു പറഞ്ഞു. ആനയ്ക്ക് കാടില്ലേ. അത് കാട്ടിൽ കഴിഞ്ഞാൽ മതി. ഡാഡി ട്രാക്ടറോടിച്ചാണ് ജീവിച്ചത്. കടുവ ഇറങ്ങിയപ്പോൾ ഡാഡി ഇരുപത്തിമൂന്ന് ദിവസം കൂടുമായി ഉറക്കമില്ലാതെ വനം വകുപ്പുകാർക്കൊപ്പം ഓടി. ആ ഡാഡിക്കാണ് ഇങ്ങനെ....ഡാഡി പയറ് വിതച്ചാൽ അത് തിന്നാൻ പക്ഷികൾ വരും. അത് തിന്നോട്ടെ, ഉപദ്രവിക്കില്ലല്ലോ. കാട്ടാനകൾ കാട്ടിൽ കഴിഞ്ഞാൽ മതി...'' അൽന പറഞ്ഞുകൊണ്ടേയിരുന്നു. അൽനയുടെ വാക്കുകൾ കേട്ടുനിന്നവർക്കും നൊമ്പരമായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അജീഷിന്റെ കുടുംബാംഗങ്ങളെ കാണാൻ വീട്ടിലെത്തിയതായിരുന്നു.എം.എൽ.എമാരായ ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണൻ, മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, കെ.എൽ.പൗലോസ്, എ.എം.നിഷാന്ത്, ജേക്കബ് സെബാസ്റ്റ്യൻ,പി.വി.ജോർജ് തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |