തിരുവനന്തപുരം: ഉദ്യോഗാർത്ഥികളെ ബുദ്ധിമുട്ടിലാക്കി പരീക്ഷാ പരീക്ഷണം നടത്തുന്ന പി.എസ്.സിയുടെ നടപടിക്കെതിരെ ആക്ഷേപം. രാവിലെ 7.15ന് ആരംഭിക്കുന്ന പരീക്ഷകൾക്ക് കൃത്യസമയത്ത് എത്താനാകുന്നില്ലെന്ന ഉദ്യോഗാർത്ഥികളുടെ പരാതിക്കിടെയാണ്, കാൽ മണിക്കൂർ നേരത്തെ പരീക്ഷ നടത്താനുള്ള തീരുമാനം.
സെപ്തംബർ മുതലുള്ള പരീക്ഷകളാണ് ഏഴുമണിക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികളുടെ വീടുകളിൽ നിന്നു കിലോമീറ്ററുകൾ അകലെയാണ് പരീക്ഷാ കേന്ദ്രങ്ങൾ. അതിനാൽ കൃത്യസമയത്തു ഹാളിലെത്താൻ പലർക്കും കഴിയില്ല. ഉദ്യോഗാർത്ഥികൾ കുറവായതിനാൽ എല്ലാ താലൂക്കിലും പരീക്ഷാ കേന്ദ്രങ്ങളും ഉണ്ടാകില്ല. കെ.എസ്.ആർ.ടി.സി അടക്കം പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന ഉദ്യോഗാർത്ഥികളാണ് ബുദ്ധിമുട്ടലാകുന്നത്. രാവിലെ ആറുമണിക്ക് ശേഷമാണ് ഗ്രാമപ്രദേശങ്ങളിലേക്ക് ബസ് സർവീസുകൾ ആരംഭിക്കുന്നത്. ബസിറങ്ങിയാലും സ്‌കൂൾ കണ്ടെത്തി അവിടെയെത്താനും പലപ്പോഴും കഴിയാറില്ല.
ഈമാസം 23ന് നടത്തുന്ന ഓവർസീയർ/ഡ്രാഫ്റ്റ്‌സ്മാൻ പരീക്ഷയിൽ 33,880 പേരും 31ന് നടത്തുന്ന സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയിൽ 41,176 പേരും വിവിധം/വനം വകുപ്പുകളിലെ ഡ്രൈവർ തസ്തികയിലേക്കുള്ള പരീക്ഷയിൽ 74,528 പേരുമാണ് എഴുതുന്നത്. പുറമെ പതിനഞ്ചിലധികം തസ്തികയിൽ വേറെയും പരീക്ഷകളുണ്ട്.
സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനാണ് പ്രവർത്തിദിവസങ്ങളിലെ പരീക്ഷകൾ നേരത്തെയാക്കുന്നതെന്നാണ് പി.എസ്.സി യുടെ വിശദീകരണം. എന്നാൽ ഞായറാഴ്ചകളിലോ,ഓൺലൈൻ പരീക്ഷകളോ നടത്തിയാൽ പോരേയെന്നാണ് ഉദ്യോഗാർത്ഥികളുടെ ചോദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |