പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു, ദാരുണ സംഭവം കിളിമാനൂരിൽ

Tuesday 03 March 2026 3:16 PM IST

തിരുവന്തപുരം: കിളിമാനൂർ ചെങ്കിക്കുന്നിൽ പന്നിക്കുവച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. കൊച്ചുണ്ണി (58) മകൻ അഖിൽ കണ്ണൻ (32) എന്നിവരാണ് മരിച്ചത്. നാരായണൻ പോറ്റിയെന്നയാളുടെ ഉടമസ്ഥതയിലുള്ള മരച്ചീനി കൃഷി നടത്തിയിരുന്ന പുരയിടത്തിൽ സ്ഥാപിച്ചിരുന്ന അനധികൃത വൈദ്യുതിവേലിയിൽ നിന്നാണ് ഷോക്കേറ്റത്. ഇന്നലെ രാത്രിയോടെ അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലം ഉടമ‌‌യ്‌‌‌‌‌ക്കെതിരെ പൊലീസ് കേസെടുത്തു.

രാവിലെ പത്തുമണിയോടെ ഈ പുരയിടത്തിൽ ജോലിക്കെത്തിയ ഗോപാലൻ എന്നയാളാണ് ആദ്യം മൃതദേഹങ്ങൾ കണ്ടത്. ഇയാൾ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വേലി കെട്ടാൻ സഹായിച്ചവരെയും പ്രതി ചേർക്കുമെന്ന് നഗരൂർ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട ആരെയും അറസ്റ്റുചെയ്തിട്ടില്ല.