
കൊല്ലം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ബി ബി ഗോപകുമാർ വിജയിച്ചു. 4002 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്റെ ആർ രാജേന്ദ്രനെ ബി ബി ഗോപകുമാർ പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാർത്ഥി സൂരജ് രവി മൂന്നാമതാണ്. ആകെ 46,567 വോട്ടാണ് ഗോപകുമാർ നേടിയിരിക്കുന്നത്.
'2016ലും 2021ലും ബിജെപിയെ രണ്ടാം സ്ഥാനത്ത് എത്തിച്ച മണ്ഡലമാണ്. ഇത്തവണ ചാത്തന്നൂരിലെ ജനങ്ങൾ വലിയ മാറ്റം ആഗ്രഹിച്ചു. നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങൾ എല്ലായിടത്തും എത്തണമെന്നും സ്വന്തം നാട്ടുകാരനെ വിജിപ്പിക്കണമെന്നും ചാത്തന്നൂരിലെ ജനങ്ങൾ ആഗ്രഹിച്ചു. പാർട്ടി പ്രവർത്തകരുടെ പരിശ്രമം, ബൂത്തുതല പ്രവർത്തകർ മുതൽ സംസ്ഥാന അദ്ധ്യക്ഷൻ വരെ നിരന്തരം ഇടപെട്ടു. മാറാത്തത് ചാത്തന്നൂരിൽ മാറി. പത്ത് വർഷം എനിക്ക് കാത്തിരിക്കേണ്ടി വന്നു. ജനങ്ങൾ ആഗ്രഹിച്ച മാറ്റമാണ്. ഈ വിജയം ചാത്തന്നൂരിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു' - ബി ബി ഗോപകുമാർ പറഞ്ഞു.
എക്‌സിറ്റ് പോൾ ഫലങ്ങളെ തെറ്റിച്ചുകൊണ്ടാണ് ചാത്തന്നൂരിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചത്. രണ്ട് തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിൽ ഇക്കുറി ജയിക്കുമെന്ന് ബിജെപിക്ക് ഉറപ്പുണ്ടായിരുന്നു. 2016ലും 2021ലും സിപിഐയിലെ ജി എസ് ജയലാൽ ആണ് മണ്ഡലത്തിൽ വിജയിച്ചിരുന്നത്. ഈ രണ്ട് വർഷവും ബി ബി ഗോപകുമാർ രണ്ടാം സ്ഥാനത്തായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |