സ്കൂൾ ഉച്ചഭക്ഷണത്തിൽ ശാസ്ത്രീയ പരിശോധന

Saturday 23 May 2026 12:17 AM IST

കൊച്ചി: സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷണവും കുടിവെള്ളവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ കെമിക്കൽ, മൈക്രോ ബയോളജിക്കൽ പരിശോധനകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതിനായി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻ.എ.ബി.എൽ) അംഗീകാരമുള്ള ലാബുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ലാബിന്റെ പ്രതിനിധികൾ നേരിട്ടെത്തി സാമ്പിളുകൾ ശേഖരിക്കണം. ഒരു സമയം പരിശോധിക്കുന്നത്

നാലായിരത്തോളം സ്കൂളുകളിലായിരിക്കും.12,025 സ്കൂളുകളിലാണ്

ഉച്ചഭക്ഷണ പദ്ധതി നിലവിലുള്ളത്. പരിശോധിക്കുന്ന സ്കൂളുകൾ ഏതൊക്കെയെന്ന് മുൻകൂട്ടി അറിയിക്കില്ല.

ശേഖരിക്കേണ്ടത്

ചോറ് ഒഴികെയുള്ളവ

 ഉച്ചയ്ക്ക് 12നും ഒന്നിനുമിടയിൽ ചോറ് ഒഴികെയുള്ള വിഭവങ്ങളുടെയും കുടിവെള്ളത്തിന്റെയും സാമ്പിളുകൾ ശേഖരിക്കണം

 ലാബ് പ്രതിനിധി ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് സ്കൂൾ അധികൃതരെ കാണിക്കണം

 പത്ത് ദിവസങ്ങൾക്കുള്ളിൽ സ്കൂൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, നൂൺമീൽ ഓഫീസർ, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവർക്ക് റിപ്പോർട്ട് സമർപ്പിക്കണം

 ഭക്ഷണത്തിൽ ന്യൂനതകൾ കണ്ടെത്തിയാൽ അടിയന്തരമായി സ്കൂൾ അധികൃതരെ അറിയിക്കുകയും പരിഹാര നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയും വേണം

 ഓരോ മാസത്തെയും പരിശോധനകളുടെ സംക്ഷിപ്ത റിപ്പോർട്ട് അടുത്ത മാസം 5-നു മുമ്പ് പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർക്ക് (ജനറൽ) സമർപ്പിക്കണം