'പിണറായി നയിച്ചത് സി പി എം വഴിയിലല്ല, നേതൃത്വം ഈ പാർട്ടിയെ ആറടിമണ്ണിൽ താഴ്ത്തും'

Tuesday 05 May 2026 10:10 AM IST

ആലപ്പുഴ: പിണറായി വിജയൻ സി പി എമ്മിനെ നയിച്ചത് പാർട്ടിയുടെ വഴിയിലൂടെയല്ലെന്ന വിമർശനവുമായി അമ്പലപ്പുഴയിൽ വിജയിച്ച യു ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരൻ. തനിക്കെതിരെ പിണറായി വിജയൻ നടത്തിയ ചെറ്റ പ്രയോഗം പ്രത്യയശാസ്ത്ര ദാരിദ്ര്യമാണെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

'എല്ലാ ഘടകങ്ങളും അനുകൂലമായിരുന്നു.സമുദായ, രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾ എനിക്കൊപ്പമാണെന്ന് മനസിലാക്കിയാണ് ജനകീയ സ്വതന്ത്രനായി ഞാൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ആരോടും ഞാൻ ആലോചിച്ചില്ല. മുഖ്യമന്ത്രി പറയുന്നത് ആറുമാസംമുമ്പ് ആലോചിച്ചതാണെന്നാണ്. എന്റെ മകനുമായിട്ടും ഭാര്യയുമായിട്ടേ ഞാൻ സംസാരിച്ചുള്ളൂ. ആദ്യം ആരുടെയും പിന്തുണ ഉണ്ടായിരുന്നില്ല. ഒരാഴ്ച കഴിഞ്ഞാണ് യു ഡി എഫ് പിന്തുണ പ്രഖ്യാപിച്ചത്. അത് സ്വീകരിച്ചത് പ്രയോജനപ്പെട്ടു. അതിന് യു ഡി എഫിനോട് എനിക്ക് നന്ദിയുണ്ട്.

ജയിക്കുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. രാഷ്ട്രീയം പറയാതെ സിപിഎം വ്യക്തിഹത്യ നടത്തുകയായിരുന്നു. രാഷ്ട്രീയമില്ലാതെ വല്ലവരെയും ആക്ഷേപിക്കാൻ നടക്കുന്നവർക്ക് ജനങ്ങൾ വോട്ടുചെയ്യുമോ?.ഇങ്ങനെ പറയാൻ പാടില്ല എന്ന് സിപിഎമ്മിന് പറഞ്ഞുകൊടുക്കാൻ ഇന്നാരെങ്കിലും കേരളത്തിലുണ്ടോ. ഞാൻ സിപിഎമ്മിൽ പ്രവർത്തിച്ചപ്പോൾ പാർട്ടി ഇങ്ങനെയൊന്നുമായിരുന്നില്ല. നാലഞ്ചുവർഷം മുമ്പുവരെയും ഇങ്ങനെയായിരുന്നില്ല. സി പി എം ഇപ്പോൾ സി പി എം അല്ലാതായി. അതുകൊണ്ടാണ് പാർട്ടി വിട്ടത്. കൊടിയും ചിഹ്നവും പ്രസംഗവും മാത്രമേ ഉള്ളൂ.

എനിക്കിനി സി പിഎമ്മിലേക്ക് തിരിച്ചുപോകേണ്ട ആവശ്യമില്ല. പക്ഷേ, മാർക്സിസ്റ്റ് ആശയത്തെ ഒരിക്കലും ആക്ഷേപിക്കില്ല. മാർക്സിസ്റ്റ് പാർട്ടിയെയും ആക്ഷേപിക്കില്ല. കാരണം അത് ഇവരാരും ഉണ്ടാക്കിയതല്ലല്ലോ. വൈരുദ്ധ്യങ്ങളുടെ ഒരു കലവറയാണ് ഇപ്പോഴത്തെ പ്രവർത്തനം. നേതൃത്വം ഈ പാർട്ടിയെ ആറടിമണ്ണിൽ താഴ്ത്തും. തിന്നുതീർത്തേ മാറൂ'-. സുധാകരൻ പറഞ്ഞു.

സി പി എമ്മിൽ പൊളിറ്റിക്കൽ ക്രിമിനലിസം എന്ന വിമർശനമുയർത്തി പാർട്ടിയുമായുള്ള ആറു പതിറ്റാണ്ടിന്റെ ചങ്ങാത്തം ഉപേക്ഷിച്ച് യു ഡി എഫ് പിന്തുണയാേടെ വിമതനായി മത്സരിച്ച ജി.സുധാകരൻ അമ്പലപ്പുഴയിൽ നേടിയത് കണ്ണഞ്ചിപ്പിക്കുന്ന വിജയമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 11,125 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇവിടെ വിജയിച്ച സി.പി.എമ്മിലെ എച്ച്. സലാമിനെ 27,935 വോട്ടുകളുടെ വ്യത്യാസത്തിലാണ് ജി.സുധാകരൻ തറപറ്റിച്ചത്. 2016-ലെ തിരഞ്ഞെടുപ്പിൽ തനിക്ക് ലഭിച്ച 22,621 വോട്ടുകളുടെ ഭൂരിപക്ഷമാണ് വിമതനായപ്പോൾ സുധാകരൻ തിരുത്തിക്കുറിച്ചത്.