വ്യക്തി​കളെ കുടി​യൊഴി​പ്പി​ക്കാൻ ന്യൂനപക്ഷ കമ്മി​ഷന് അധി​കാരമി​ല്ല

Saturday 09 May 2026 12:07 AM IST

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മിഷനു വ്യക്തികളെ കുടിയൊഴിപ്പിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. സിവിൽ കോടതിയുടെ അധികാരത്തിൽ കൈകടത്താൻ കമ്മിഷനാകില്ല. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം, ക്ഷേമം, സംരക്ഷണം, ശാക്തീകരണം എന്നിവയാണ് കമ്മിഷന്റെ ചുമതല. സർക്കാരിനു ശുപാർശ നൽകാനുള്ള അധികാരം മാത്രമേ കമ്മിഷനുള്ളൂവെന്നും ജസ്റ്റിസ് എസ്.ഈശ്വരൻ വ്യക്തമാക്കി. മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി നൽകിയ ഹർജിയിൽ കമ്മിഷന്റെ കുടിയിറക്കൽ ഉത്തരവും റദ്ദാക്കി​.

രജിസ്‌ട്രേഷൻ നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞുനൽകുന്നില്ലെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി അബ്ദുൽ സലാം നൽകിയ പരാതിയിലാണ് ന്യൂനപക്ഷ കമ്മിഷൻ ഇടപെട്ടത്. സിവിൽതർക്കം പരിഹരിക്കാൻ ഈ രീതി തിരഞ്ഞെടുത്തതിലൂടെ പരാതിക്കാരൻ കുറുക്കുവഴി തേടി​യതാണെന്നും പരാതി കമ്മിഷൻ പരിഗണിക്കരുതായിരുന്നെന്നും കോടതി വ്യക്തമാക്കി. കുടി​യി​റക്ക് ഉത്തരവിട്ടത് കൂടാതെ ഇടപെടാൻ പൊലീസ്, റവന്യു അധികൃതർക്ക് നിർദ്ദേശം നൽകി​യതി​നെയും ഉത്തരവി​ൽ വി​മർശി​ച്ചു.