കൊച്ചി: ഭൂമി തരംമാറ്രം സംബന്ധിച്ച കോടതി ഉത്തരവുകൾ നടപ്പാക്കാത്ത സർക്കാരിന് 25,000 രൂപ പിഴയിട്ട് ഹൈക്കോടതി. സർക്കാരിന്റേയും തൃശൂർ ലാൻഡ് റെക്കാഡ് വിഭാഗം തഹസിൽദാരുടേയും അപ്പീലുകൾ തള്ളിയാണ് ഉത്തരവ്.
അനാവശ്യ നിയമനടപടികളിലൂടെ അപേക്ഷകനെ ദ്രോഹിക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.എം. മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിമർശിച്ചു. ഹർജിക്കാരായ കൊച്ചി മരടിലെ മാനാഞ്ചിറ ടൗൺഷിപ്പ് കോംപ്ലക്സ് ലിമിറ്റഡിന്റെ തൃശൂർ മരത്താക്കരയിലുള്ള നികത്തുഭൂമിക്ക് 'പാടം" എന്നാണ് രേഖയിലുള്ളത്. ഇതുകാരണം ബാങ്ക് ലോണിന് പണയപ്പെടുത്താനായില്ല. തുടർന്ന് ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകി. 2008ൽ നെൽവയൽ തണ്ണീർത്തട നിയമം വരും മുമ്പ് അധികൃതരുടെ അനുമതിയോടെ നികത്തിയ സ്ഥലമാണിതെന്നായിരുന്നു വാദം. ഇത് അംഗീകരിച്ച കോടതി 'പുരയിടം" എന്ന് രേഖനൽകാൻ ഉത്തരവിട്ടു. എന്നാൽ 'തരംമാറ്റിയ ഭൂമി" എന്നാണ് തഹസിൽദാർ രേഖപ്പെടുത്തിയത്. ഇതിനെതിരേ ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതിലും അനുകൂല ഉത്തരവ് നൽകി. എന്നാൽ തഹസിൽദാരുടെ തുടർനടപടി കോടതിവിധിയുടെ നഗ്നമായ ലംഘനമായിരുന്നുവെന്ന് കോടതി വിമർശിച്ചു.
ഉത്തരവ് ലംഘിച്ചവരെ പിന്തുണച്ച് സർക്കാർ പുനഃപരിശോധനാ ഹർജി സമർപ്പിച്ചിരുന്നു. ഇത് അനുചിതമായെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. തഹസിൽദാർക്കെതിരേ കോടതി അലക്ഷ്യനടപടി നേരത്തേ തുടങ്ങിയിരുന്നു. പരിശോധനയിൽ തഹസിൽദാരുടെ കൃത്യവിലോപം ബോദ്ധ്യപ്പെട്ടാൽ പിഴത്തുക സർക്കാരിന് അദ്ദേഹത്തിൽ നിന്ന് ഈടാക്കാമെന്ന് കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |