
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കുന്നു. ഇതിന്റെ ഭാഗമായി സർവീസ് സംഘടനകളുടെ യോഗം സർക്കാർ വിളിച്ചു. ഡിസംബർ അഞ്ചിന് വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗം. പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചാക്കണമെന്ന് ഭരണ പരിഷ്കാര കമ്മിഷനും ശമ്പള കമ്മിഷനും ശുപാർശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂർ ജോലിസമയം കൂട്ടണമെന്നാണ് നിർദ്ദേശം. ഒരു മണിക്കൂർ ജോലി കൂട്ടുന്നതിനെ സർവീസ് സംഘടനകൾ എതിർക്കുന്നില്ല, എന്നാൽ പൊതുഅവധി ദിനങ്ങൾ കുറയ്ക്കണമെന്ന നിർദ്ദേശത്തോടാണ് സംഘടനകൾ എതിർപ്പ് ശക്തമാക്കുന്നത്.
മുമ്പ് മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കുന്നതിനെ കുറിച്ച് നേരത്തെ ആലോചനയുണ്ടായിരുന്നു. എന്നാൽ ജീവനക്കാരുടെ കാഷ്വൽ ലീവ് കുറയുമെന്ന ഉപാധി വച്ചതോടെ സംഘടനകൾ എതിർപ്പുമായി രംഗത്തെത്തി. ഇതിൽ നിന്ന് വ്യത്യസ്തമായി എല്ലാ ശനിയും ഞായറും അവധിയാക്കും വിധമാണ് പുതിയ ശുപാർശ.
നിലവിൽ ഏഴുമണിക്കൂറാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം. നഗരങ്ങളിൽ 10.15 മുതൽ വൈകിട്ട് 5.15 വരെയും മറ്റിടങ്ങളിൽ 10 മുതൽ അഞ്ചുവരെയുമാണ്. പ്രവൃത്തി ദിവസങ്ങളിൽ കാലത്തും വൈകിട്ടുമായി പ്രവൃത്തി സമയം ഒന്നരമണിക്കൂർ കൂടി ദീർഘിപ്പിച്ചാൽ ഏഴര മണിക്കൂർ ലഭിക്കും. ശനിയാഴ്ചത്തെ അവധിക്ക് ഇത് പകരമാവുകയും ചെയ്യും. അങ്ങനെയെങ്കിൽ നിലവിൽ രാവിലെ 10.15ന് തുടങ്ങുന്ന ഓഫീസുകൾ 9.15നോ 9.30നോ ആരംഭിക്കണം. വൈകിട്ട് 5.15 എന്നത് 5.30 അല്ലെങ്കിൽ 5.45 ആക്കേണ്ടി വരും. സംസ്ഥാനത്തെ സ്കൂൾ സമയമടക്കമുള്ള ഘടകങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |