ഇന്ന് വിവാഹം; പൊലീസ് ഉദ്യോഗസ്ഥനായ വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Monday 18 May 2026 12:53 PM IST
കണ്ണൂർ: വിവാഹദിവസം വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ കൊല്ലൻചിറ റോഡിൽ നാരായണീയത്തിൽ ഷബിൻ (28) ആണ് മരിച്ചത്. ജമ്മു കാശ്മീരിൽ എസ്എസ്ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥനാണ്. ഇന്നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.
ഇന്നലെ രാത്രി ഷബിന്റെ വീട്ടിൽ വിവാഹസത്കാരമുണ്ടായിരുന്നു. അർദ്ധരാത്രിയോടെ എല്ലാവരും പിരിഞ്ഞുപോയശേഷം ഷബിന് ഫോൺ കോൾ വന്നു. തുടർന്ന് സംസാരിച്ചുകൊണ്ടുതന്നെ യുവാവ് മുറിയിലേയ്ക്ക് പോയി. നവ വധുവാണ് വിളിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
ഇന്ന് രാവിലെ 4.45ഓടെ ഫോട്ടോ ഷൂട്ടിനായി മക്രേരി അമ്പലത്തിൽ പോകാനായി വീട്ടുകാർ തിരക്കിയെത്തിയപ്പോഴാണ് മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭരതൻ, ഷീബ എന്നിവരാണ് മാതാപിതാക്കൾ. സഹോദരി അഭിഷ (നഴ്സ്, കണ്ണൂർ ശ്രീ ചന്ദ് ആശുപത്രി).