കൊച്ചി: കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരുടെ ജനുവരിയിലെ പെൻഷൻ ഫെബ്രുവരി 12 നകം നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
പെൻഷൻ നൽകാൻ സഹകരണ സംഘങ്ങളുടെ കൺസോർഷ്യത്തിന് രൂപം നൽകിയെന്നും വിതരണത്തിന് രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നും സർക്കാർ അറിയിച്ചു.
വിദേശത്ത് വിവാഹിതരായവർക്ക്
സ്പെഷ്യൽ മാര്യേജ് ആക്ട് ബാധകമല്ല
കൊച്ചി: വിദേശത്ത് വിവാഹിതരായവർക്ക് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. ഫോറിൻ മാര്യേജ് ആക്ട് പ്രകാരമേ രജിസ്റ്റർ ചെയ്യാനാവൂ. അതേസമയം വിവാഹശേഷം ഇന്ത്യയിലേക്ക് മടങ്ങിയ തൃശൂർ സ്വദേശി പി.ജി. വിപിനും ഇന്തോനേഷ്യക്കാരി മാഡിയ സുഹാർത്തികയ്ക്കും വിദേശത്തു പോകാതെതന്നെ ഓൺലൈനിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ ജസ്റ്റിസ് സി.എസ്. ഡയസ് അനുമതി നൽകി. ഇതിനായി ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസിയിലെ മാര്യേജ് ഓഫീസർക്ക് ഓൺലൈനിൽ അപേക്ഷ നൽകണം. കേന്ദ്രസർക്കാർ ഇതിനുവേണ്ട സഹായം ചെയ്യണം.
ഇരുവരും 2014ൽ ഇന്തോനേഷ്യയിൽ വിവാഹിതരായിരുന്നു. തൃശൂരിൽ താമസിക്കുന്ന ഇവർ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ വിവാഹ സർട്ടിഫിക്കറ്റ് ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസി അറ്റസ്റ്റ് ചെയ്തെങ്കിലും ഫോറിൻ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |