കൊച്ചി: സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നു പിൻവലിച്ച ഒരു കോടി രൂപ പിടിച്ചെടുത്തതടക്കം ആദായനികുതി വകുപ്പിന്റെ നടപടികളെ ചോദ്യം ചെയ്ത് പാർട്ടി മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.
ആദായനികുതി വകുപ്പിന്റെ നടപടികളിൽ ദുരുദ്ദേശ്യമില്ലെന്നും നിയമപരമാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. ഈ ഘട്ടത്തിൽ ഇടപെടൽ ആവശ്യമില്ലെന്നും പറഞ്ഞു.
ബാങ്ക് ഒഫ് ഇന്ത്യ തൃശൂർ ശാഖയിലെ അക്കൗണ്ട് സംബന്ധിച്ചായിരുന്നു ഹർജി. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് 2024 ഏപ്രിൽ 30നാണ് പണം പിടിച്ചെടുത്തത്. പെരുമാറ്റച്ചട്ടം ലംഘിച്ച് പണം പിൻവലിച്ചതിന് ആദായനികുതി വകുപ്പ് സി.പി.എമ്മിന്റെ അക്കൗണ്ട് മരവിപ്പിക്കുകയും തുക ചെലവഴിക്കരുതെന്നു നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, പിൻവലിച്ച ഒരു കോടി രൂപ ബാങ്കിൽ തിരിച്ചടയ്‌ക്കാനെത്തിച്ചെങ്കിലും പണം അക്കൗണ്ടിൽ അടപ്പിച്ച് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു.
കേസിലെ സമൻസും തുടർനടപടികളും സ്റ്റേ ചെയ്യുക, പണം മടക്കിനൽകുക തുടങ്ങിയ ആവശ്യങ്ങളാണ് എം.എം. വർഗീസ് ഹർജിയിൽ ഉന്നയിച്ചിരുന്നത്.അക്കൗണ്ടുമായി ബന്ധപ്പെട്ട് ഇതുവരെ റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിനു ബാങ്ക് നൽകിയിരിക്കുന്ന കത്തുകൾ പ്രഥമദൃഷ്ട്യാ സൂചിപ്പിക്കുന്നതെന്നു കോടതി പറഞ്ഞു. അക്കൗണ്ട് മരവിപ്പിച്ച ഉത്തരവിന് 60 ദിവസത്തിലേറെ കാലാവധിയില്ല. അതിനാൽ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.
പാൻ ബന്ധിപ്പിച്ചില്ല,
കെ.വൈ.സി നൽകിയില്ല
കണക്കിൽപ്പെടാത്ത പണം സി.പി.എമ്മിന്റെ അക്കൗണ്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടർ ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.ബാങ്ക് അക്കൗണ്ട് പാനുമായി ലിങ്ക് ചെയ്തിട്ടില്ലെന്നും സി.പി.എം നൽകിയ രേഖകളിൽ അക്കൗണ്ടിനെക്കുറിച്ചു പറയുന്നില്ലെന്നും വാദിച്ചു.
പാനുമായി ലിങ്ക് ചെയ്യാൻ പറ്റാതിരുന്നത് ടൈപ്പിംഗ് തെറ്റാണെന്നും ബാങ്കിന്റെ പിഴവാണെന്നുമാണ് ഹർജിക്കാരൻ അറിയിച്ചത്. എന്നാൽ 2010 മുതൽ ബാങ്ക് കെ.വൈ.സി രേഖകൾ ആവശ്യപ്പെടുന്നുണ്ട്. പാനുമായി അക്കൗണ്ട് ബന്ധിപ്പിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിന് സി.പി.എം തയാറായില്ല. 4.81 കോടി രൂപ ബാലൻസുള്ള കറന്റ് അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ പിൻവലിച്ചെന്ന് വിവരം ലഭിച്ചു. വെളിപ്പെടുത്താത്ത തുക ഈ അക്കൗണ്ടിലുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നുമാണ് ഇതു സൂചിപ്പിക്കുന്നതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |