നഴ്സ് സമരം: രോഗികളെ അപകടത്തിലാക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി
കൊച്ചി: നഴ്സുമാരുടെ ജോലി എന്തുകൊണ്ട് അവശ്യസേവനമായി പ്രഖ്യാപിക്കുന്നില്ലെന്ന ചോദ്യം ആവർത്തിച്ച് ഹൈക്കോടതി. അങ്ങനെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ നഴ്സുമാർക്ക് സമരംചെയ്യാൻ അവകാശമുണ്ടാകില്ലെന്നും കോടതി വാക്കാൽപറഞ്ഞു. വേതനവർദ്ധന ആവശ്യപ്പെട്ട് നഴ്സുമാർ സമരത്തിലായതിനാൽ സ്വകാര്യ ആശുപത്രികളിൽ ഇന്റേണുകളെയും രജിസ്ട്രേഷൻ ഇല്ലാത്തവരെയും ജോലിക്ക് നിയോഗിക്കുകയാണെന്നാരോപിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ പരാമർശം.
നഴ്സുമാർക്ക് അർഹമായ വേതനം ലഭിക്കുന്നതിനായി മറ്റ് നിയമപരമായ മാർഗങ്ങൾ തേടണമെന്ന് കോടതിയുടെ പറഞ്ഞു. രോഗികളെ അപകടത്തിലാക്കി സമരംചെയ്യാൻ കഴിയില്ല. ഡോക്ടർമാർ, നഴ്സുമാർ, അഭിഭാഷകർ എന്നിവർ സമരംചെയ്യാൻ പാടില്ലാത്തവരാണ്. സമരം ചെയ്യണമെന്നുണ്ടെങ്കിൽ ജോലിസമയംകഴിഞ്ഞുവേണമെന്നും കോടതി അഭിപ്രായപ്പെട്ടു.
നഴ്സുമാരുടെ സേവനം അവശ്യസേവനമായി പ്രഖ്യാപിച്ചാൽ അവർക്ക് സമരംചെയ്യാനുള്ള അവകാശം നഷ്ടപ്പെടുമെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണംതേടി. ഹർജി ജൂലായ് 3ന് വീണ്ടും പരിഗണിക്കും.