ഗുരുതര കേസിൽ ഒത്തുതീർപ്പ് സാദ്ധ്യമല്ല: ഹൈക്കോടതി
കൊച്ചി: പോക്സോപോലെ ഗുരുതര കേസുകൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. പരിശോധനയ്‌ക്കിടെ പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ കടന്നു പിടിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ഡോ. പി.വി. നാരായണൻ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. 2016 ജൂലായിൽ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് നല്ലളം പൊലീസിൽ പരാതി നൽകിയത്. അയൽവാസിയായ സ്ത്രീയുടെയും മകളുടെയും സാന്നിദ്ധ്യത്തിലായിരുന്നു പരിശോധനയെന്നായിരുന്നു വാദം. കുട്ടി വയറുവേദനയുണ്ടെന്ന് അറിയിച്ചതിനാലാണ് ശരീരപരിശോധന നടത്തിയത്. കേസ് പിൻവലിക്കുന്നതിനെ അനുകൂലിച്ച് 2024ൽ പെൺകുട്ടി സത്യവാങ്‌മൂലം നൽകിയിട്ടുണ്ടെന്നും വാദിച്ചു. ഇതു തള്ളിയ കോടതി എത്രയും വേഗം പൂർത്തിയാക്കാൻ നിർദ്ദേശിച്ച് വിചാരണയ്ക്കുള്ള സ്റ്റേ നീക്കി.