രാജ്യത്തെ 100 പ്രമുഖരിൽ ഒരാളായി പ്രധാനമന്ത്രി ക്ഷണിച്ച കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ സസ്‌പെൻഷൻ തുടരുന്നത് പ്രൊമോഷൻ ഇല്ലാതാക്കാൻ

Thursday 02 November 2023 3:46 PM IST

തിരുവനന്തപുരം: തീവ്രവാദക്കേസിലെ പ്രതിയെ പിടിക്കാൻ കേന്ദ്ര സഹായം തേടിയതിന്റെ പേരിൽ പൊലീസ് ഉന്നതർ ഇടപെട്ട് ആറു മാസമായി സസ്‌പെൻഷനിൽ നിറുത്തിയിരിക്കുന്ന ഐ.ജി പി.വിജയനെ ചീഫ്‌സെക്രട്ടറി രണ്ടു വട്ടം ശുപാർശ ചെയ്തിട്ടും തിരിച്ചെടുക്കാതെ സർക്കാർ. സി.ബി.ഐയിലെ ഡെപ്യൂട്ടേഷനും, ജനുവരിയിൽ ലഭിക്കേണ്ട എ.ഡി.ജി.പി സ്ഥാനക്കയറ്റവും തടയുകയാണ് ലക്ഷ്യമെന്നാണ് ആക്ഷേപം.

എലത്തൂർ ട്രെയിൻ തീവയ്പ്പു കേസ് പ്രതി ഷാരൂഖ്‌സൈഫിയെ പിടിക്കാൻ കേന്ദ്ര ഏജൻസികളെയടക്കം ഇടപെടുത്തിയതിലൂടെ പൊലീസിന്റെ ക്രെഡിറ്റ് നഷ്ടമായെന്ന് ഉന്നതർ ആരോപണമുയർത്തിയതാണ് സസ്‌പെൻഷനിൽ കലാശിച്ചത്. മാവോയിസ്റ്റ് ആക്രമണങ്ങളും തീവ്രവാദ ബന്ധം സംശയിക്കുന്ന സംഭവങ്ങളുമുണ്ടായിട്ടും തീവ്രവാദ വിരുദ്ധസേനയുടെ മുൻ മേധാവി കൂടിയായ വിജയൻ സേനയ്ക്ക് പുറത്താണ്.

പ്രതിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയെന്ന കുറ്റം ചുമത്തി വിശദീകരണം പോലും തേടാതെ മേയ്18നായിരുന്നു സസ്‌പെൻഷൻ. മഹാരാഷ്ട്രയിൽ നിന്ന് പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ വിജയൻ ബന്ധപ്പെട്ടത് സുരക്ഷാ വീഴ്ചയ്ക്കിടയാക്കിയെന്ന എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ റിപ്പോർട്ടായിരുന്നു നടപടിക്കാധാരം. എന്നാൽ ഡി.ജി.പിയായിരുന്ന അനിൽകാന്തിന്റെ നിർദ്ദേശ പ്രകാരമാണ് വിജയൻ കേസിലിടപെട്ടത്. പ്രതി കേരളം വിട്ടെന്നുറപ്പായതോടെ, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് ഡയറക്ടറായ കേരളാ കേഡർ ഐ.ജി അനൂപ് കുരുവിള ജോണിന്റെ സഹായം വിജയൻ തേടിയിരുന്നു. പ്രതിയെ പിടിക്കാൻ ഐ.ബി,,മഹാരാഷ്ട്രകർണാടക ഭീകരവിരുദ്ധ സ്‌ക്വാഡുകൾ, ഉത്തർപ്രദേശ്, ഡൽഹി പൊലീസുകൾ, ആർ.പി.എഫ് എന്നിവയെ ഏകോപിപ്പിച്ചതിങ്ങനെയായിരുന്നു.

പ്രതിയുടെ ഫോട്ടോ പുറത്തു വിട്ടെന്ന്

പ്രതിയുടെ ഫോട്ടോയും വീഡിയോയും പുറത്തു വിട്ടത് മഹാരാഷ്ട്ര എ.ടി.എസാണെങ്കിലും ആ കുറ്റവും വിജയന്റെ തലയിലാക്കി. പ്രതിയെ കേരളത്തിലെത്തിച്ച ഡിവൈ.എസ്.പിയെ എ.ഡി.ജി.പി, ഐ.ജി, എസ്.പി, ഡിവൈ.എസ്.പി, ഒരു മാദ്ധ്യമ പ്രവർത്തകൻ എന്നിവർ തുടരെ വിളിച്ചെങ്കിലും കുറ്റക്കാരൻ വിജയൻ മാത്രമായി. പ്രതിയുടെ യാത്രാമാർഗ്ഗം പുറത്തായത് തീവ്രവാദികളുടെ ആക്രമണത്തിനിടയാക്കിയേനെയെന്നാണ് എ.ഡി.ജി.പി കുറ്റപ്പെടുത്തിയത്. സസ്‌പെൻഷനായി ചൂണ്ടിക്കാട്ടിയ കാരണങ്ങൾ കളവാണെന്ന് വിജയൻ സർക്കാരിനെ അറിയിച്ചിരുന്നു. ഡി.ജി.പിയുടെ എതിർപ്പ് കാരണമാണ് ആദ്യ വട്ടം ചീഫ്‌സെക്രട്ടറിയുടെ ശുപാർശ നടപ്പാവാതിരുന്നത്.

രാഷ്ട്രീയ കാരണങ്ങളും

പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ നൂറാം പതിപ്പിന്റെ ആഘോഷച്ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാൻ വിജയന് ക്ഷണം ലഭിച്ചിരുന്നു. രാജ്യത്തെ 100 പ്രമുഖരിലൊരാളായിട്ടായിരുന്നു ക്ഷണം. പങ്കെടുക്കാൻ സർക്കാർ അനുമതി നൽകിയില്ല.