തിരുവനന്തപുരം: മംഗളൂരു - തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കിട്ടിയ സംഭവത്തില്‍ വിശദീകരണവുമായി ഐആര്‍സിടിസി. ഈ മാസം രണ്ടാം തീയതി സര്‍വീസ് നടത്തിയ ട്രെയിനില്‍ വിളമ്പിയ ഉച്ചഭക്ഷണത്തിന് ഒപ്പം നല്‍കിയ പരിപ്പ് കറിയില്‍ നിന്ന് ധാരാളം പുഴുക്കളെ കിട്ടിയെന്നാണ് യാത്രക്കാരിയായ യുവതി പരാതിയില്‍ പറഞ്ഞിരുന്നത്.
മംഗളൂരു സ്വദേശിനി സൗമിനി തൃശൂരില്‍ നിന്നും മൂന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ട്രെയിനില്‍ കയറി. ഇവര്‍ക്ക് ചോറിനൊപ്പം നല്‍കിയ പരിപ്പ് കറിയിലാണ് പുഴുവിനെ കണ്ടത്. മറ്റ് യാത്രക്കാര്‍ക്ക് നല്‍കിയ ഭക്ഷണപ്പൊതിയിലും പുഴുക്കളുണ്ടായിരുന്നു എന്ന് സൗമിനി പറഞ്ഞിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
വന്ദേഭാരത് ട്രെയിനുകളില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ ഐആര്‍സിടിസിക്ക് യാതൊരു പങ്കുമില്ല. കേരളത്തില്‍ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം - കാസര്‍കോട് -തിരുവനന്തപുരം വന്ദേഭാരത് സര്‍വീസുകള്‍ (ട്രെയിന്‍ നമ്പര്‍ 20634, 20633), മംഗളൂരു - തിരുവനന്തപുരം - മംഗളൂരു സര്‍വീസുകള്‍ (ട്രെയിന്‍ നമ്പര്‍ 20631, 20632) എന്നിവയില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ ഉത്തരവാദിത്തം ദക്ഷിണ റെയില്‍വേക്ക് ആണെന്നാണ് ഐആര്‍സിടിസി ഈ വിഷയവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നത്.
മുന്‍പ് വന്ദേഭാരതിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ വാര്‍ത്ത ഓര്‍മ്മയുണ്ടായിരുന്നതിനാല്‍ ഭക്ഷണം ശ്രദ്ധിക്കണമെന്ന് സൗമിനി മക്കളോട് പറഞ്ഞിരുന്നു. ഇതിനിടെയാണ് ലഭിച്ച ഭക്ഷണത്തില്‍ പുഴുവിനെ കണ്ടത്. ഉടന്‍ ട്രെയിനിലെ കാറ്ററിംഗ് ജീവനക്കാരോട് വിവരം പറഞ്ഞു. ഐആര്‍സിടിസിയി പരാതിപ്പെട്ടതോടെ പണം തിരികെ ലഭിച്ചു. സംഭവത്തില്‍ തുടര്‍നടപടി ഉണ്ടാകുമെന്നും അറിയിച്ചിരുന്നു എന്നുമാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |