'വി ഡി സതീശന് അഭിനന്ദനം, സർക്കാരിന് വേണ്ട എല്ലാ പിന്തുണയും നൽകും'; പാർട്ടിയാണ് വലുതെന്ന് കെ സി

Thursday 14 May 2026 12:44 PM IST

ന്യൂഡൽഹി: ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായും അംഗീകരിക്കുന്നുവെന്ന് സംഘടനാചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പല ഘടകങ്ങൾ പരിഗണിച്ചശേഷമായിരിക്കും ഹൈക്കമാൻഡ് തീരുമാനമെടുത്തിട്ടുണ്ടാവുക. താൻ തികഞ്ഞൊരു കോൺഗ്രസുകാരനാണെന്ന് പറഞ്ഞ അദ്ദേഹം വി ഡി സതീശനെ അഭിനന്ദിക്കുകയും ചെയ്‌തു.

'വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ച ഹൈക്കമാൻഡ് നിലപാടിനെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു. കേരളത്തിലെ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് വൻ ഭൂരിപക്ഷം നൽകി കോൺഗ്രസിനെ വിജയിപ്പിച്ചത്. ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ചുള്ള സർക്കാരാവും കേരളത്തിലുണ്ടാവുക. യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. വി ഡി സതീശനെ ഹൃദയത്തിൽ നിന്ന് ഞാൻ അഭിനന്ദിക്കുന്നു.

എംഎൽഎമാരുടെ പിന്തുണ ഉണ്ടായിരുന്നെങ്കിലും ഹൈക്കമാൻഡ് തീരുമാനം എന്തായാലും അത് ശിരസാവഹിക്കുമെന്ന് ഞാൻ നേരത്തേ പറഞ്ഞിരുന്നു. ഞാനെന്നും അടിയുറച്ച കോൺഗ്രസുകാരനായിരിക്കും. ത്രിവർണപതാക പുതച്ച് മരിക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. പാർട്ടിയാണ് എനിക്കെല്ലാം. ഇതിന്റെ പേരിൽ സൈബർ ഇടങ്ങളിൽ ആക്രമണമുണ്ടായാൽ ഞാനത് സഹിച്ചോളാം' - കെ സി വേണുഗോപാൽ പറഞ്ഞു.

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പരിഗണിക്കാനുള്ള ചർച്ചകളിൽ ശക്തമായി ഉയർന്നുകേട്ട പേരായിരുന്നു കെ സി വേണുഗോപാലിന്റേത്. എംഎൽഎമാരിൽ ഭൂരിഭാഗവും പിന്തുണച്ചത് കെ സിയെയാണ്. ഇന്നലെ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തപ്പോഴും കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഹൈക്കമാൻഡ് ജനവികാരം പരിഗണിച്ച് വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു.