SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.07 PM IST

ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനാൽ നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

Increase Font Size Decrease Font Size Print Page
students

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാന സൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതോടെയാണ് സെക്രട്ടറിയേറ്റിൽ യോഗം ചേർന്നത്. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, ജില്ലാ കളക്‌ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള മാറ്റം, സ്‌കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മൺസൂൺ മുന്നൊരുക്കങ്ങൾ, ദേശീയപാത വികസന പ്രവൃത്തികൾ എന്നിവ യോഗത്തിൽ വിലയിരുത്തി. ഈ വിഷയങ്ങളിൽ ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറിമാർ വിശദീകരണം നൽകി.

മേയ് 31നകം പാഠപുസ്‌തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാകുമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു. ഇതിനകം 65 ശതമാനം പുസ്‌തകങ്ങൾ കുടുംബശ്രീ യൂണിറ്റുകൾ വഴി വിതരണം ചെയ്തുകഴിഞ്ഞു. ശേഷിക്കുന്ന പുസ്തകങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുമെന്നും അറിയിച്ചു. കൈത്തറി വകുപ്പ് വഴി സ്‌കൂൾ യൂണിഫോം തുണികളുടെ വിതരണവും പുരോഗമിക്കുകയാണെന്നും എയ്‌ഡഡ് സ്‌കൂളുകൾക്കുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്നും യോഗത്തിൽ അറിയിച്ചു.

ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്ന നടപടിക്രമവും യോഗം ചർച്ച ചെയ്‌തു. നിലവിൽ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ്, ഫയർ ആന്റ് റെസ്‌ക്യൂ, ആരോഗ്യവകുപ്പ്, വനം - വന്യജീവി വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവയുടെ അനുമതി ലഭിച്ചതിന് ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുക. സമയപരിധി പരിഗണിച്ച് നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കാനുള്ള നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചു.

സുരക്ഷയുടെ കാര്യത്തിൽ യാതൊരു ഇളവും ഉണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. അടുത്ത രണ്ടാഴ്‌ച സ്‌കൂളുകളുടെ തയ്യാറെടുപ്പുകൾ ജില്ലാ കളക്‌ടർമാർ നിരീക്ഷിക്കണമെന്നും ആവശ്യമായിടത്ത് അപ്രതീക്ഷിത പരിശോധനകൾ നടത്തണമെന്നും നിർദേശിച്ചു. പാഠപുസ്‌തകങ്ങളും യൂണിഫോമുകളും സമയബന്ധിതമായി ലഭ്യമാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി.

TAGS: SCHOOL OPENING, CHIEF SECRETARY, MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA