കോഴിക്കോട്: കളിയുടെ ആദ്യപകുതിയിൽ എന്തൊക്കെ രാഷ്ട്രീയം ചർച്ച ചെയ്താലും പി.വി. അൻവറിന്റേത് തന്ത്രപരമായ ഒരുചുവടുവയ്പ്പായിരുന്നു. ഒരുപടി ചാടിയ അൻവറിന് രണ്ടാം പകുതിയിൽ ഗോളടിക്കാനാവുമോ എന്ന ചോദ്യം ബാക്കിയാകുന്നു. കൈയിലുള്ള എം.എൽ.എസ്ഥാനം വിട്ടെറിഞ്ഞ് സാമൂഹിക പ്രതിബദ്ധത മുദ്രാവാക്യമാക്കി ഇറങ്ങിയെങ്കിലും കേരള രാഷ്ട്രീയത്തിൽ എന്തെങ്കിലും ചലനം അൻവറുണ്ടാക്കുമോ എന്നത് കണ്ടറിയേണ്ട കാര്യം മാത്രം.
പല ലക്ഷ്യങ്ങളാണ് അൻവറിന്റെ മനസിൽ. അതിലൊന്ന് ഇത്രയും കാലം ഗോഡ്ഫാദറായിരുന്ന പിണറായി കൈവിട്ട സാഹചര്യത്തിൽ യു.ഡി.എഫിലേക്കൊരു ബർത്ത്. തുടക്കത്തിൽ കോൺഗ്രസിലോ ലീഗിലോ ചേർന്നൊരു ഇരിപ്പിടമായിരുന്നു ചിന്ത. പക്ഷേ,അത് ഇരുകൂട്ടരും തകർത്തു. അങ്ങനെയാണ് ഡി.എം.കെ വഴിയൊരു കളിക്ക് തുനിഞ്ഞത്. പക്ഷേ,സ്റ്റാലിനും പിണറായിയും തമ്മിലുള്ള അടുപ്പം ആ വഴിയടച്ചു. അതോടെയാണ് കൈവിട്ട കളിക്കൊരുങ്ങി ബംഗാളിൽ ദീദിയുടെ കരം കവർന്നത്. ശത്രുവിന്റെ ശത്രു മിത്രമെന്ന പഴമൊഴി അവിടെ ഫലിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് കുത്തകകൾക്കിടയിലേക്ക് ഒരസ്ത്രമെങ്കിലും അയക്കാനായാൽ ലാഭമെന്ന് കരുതി അൻവറിനെ അവർ പാളയത്തിലേക്കെടുത്തു. രാഷ്ട്രീയ ആഭിജാത്യം സൂക്ഷിക്കണമെന്നതിനാൽ എം.എൽ.എ സ്ഥാനം കളഞ്ഞുവരൂ എന്നുമാത്രമായിരുന്നു മമതയുടെ ആവശ്യം. ഒരു പക്ഷേ,മമതപോലും കരുതിക്കാണില്ല ഇത്തരമൊരു അഗ്നിപരീക്ഷ ജയിച്ച് അൻവർ വരുമെന്ന്. ഇനി അൻവറിന്റെ ആവശ്യങ്ങളാണ്. ഒന്ന് ഇന്ത്യാമുന്നണി,യു.പി.എ സഖ്യം തുടങ്ങിയ ചേരുവകളിലൂടെ കേരളത്തിൽ യു.ഡി.എഫ് പ്രവേശനം,നിലമ്പൂരിൽ ഇനിയൊരു സാദ്ധ്യത ഇല്ലെന്ന് ഉറപ്പുള്ളതിനാൽ തൃണമൂലിന്റെ ഏതെങ്കിലുമൊരു രാജ്യസഭാസീറ്റ്.അത്രയുമായാൽ കേരളത്തിൽ കഴിഞ്ഞ കുറേമാസമായി നടത്തിയ രാഷ്ട്രീയ കുളംകലക്കലിൽ നിന്നും മാനംപോകാതെ രക്ഷപ്പെടാം.
അൻവറിന്റെ എം.എൽ.എ സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിൽ ഉയർന്ന പ്രധാനപ്പെട്ടൊരു വാക്കായിരുന്നു മാപ്പ്. രാഹുൽ ഗാന്ധിയോടും വി.ഡി.സതീശനോടും മാപ്പ്. ആ മാപ്പുകളൊന്നും വെറും മാപ്പല്ലെന്നും കോൺഗ്രസിന്റെ നെഞ്ചത്തടിക്കുന്ന ആപ്പാണെന്നും കേരള നേതാക്കൾക്കറിയാം. രമേശും സുധാകരനും അൻവറിന് പച്ചക്കൊടികാട്ടി. അൻവറിന്റെ നിലമ്പൂരിലെ സ്ഥാനാർത്ഥി പ്രഖ്യാപനം പോലും തെറ്റല്ലെന്ന് ചെന്നിത്തല ഇന്നലെ പറഞ്ഞു. സതീശനാവട്ടെ മാപ്പ് സ്വീകരിച്ചെങ്കിലും പാർട്ടി ചർച്ച ചെയ്യുമെന്നതിനപ്പുറത്ത് വിയോജിപ്പൊന്നും പ്രകടിപ്പിച്ചില്ല. ലീഗിൽ കുഞ്ഞാലിക്കുട്ടിയും തങ്ങളും എതിരൊന്നും പറഞ്ഞില്ല. അൻവറെന്തായാലും നിലമ്പൂരിൽ സ്ഥാനാർത്ഥിയാകില്ലെന്ന് ഉറപ്പായതോടെ ആര്യാടൻ ഷൗക്കത്തും തെറിപറയാൻ നിന്നില്ല. എല്ലാം ഇനി തൃണമൂൽവഴി ഡൽഹിയിൽ നിന്ന്. പക്ഷേ,ബംഗാളിൽ നിന്ന് കേരളത്തിലേക്കുള്ള രാഷ്ട്രീയ ദൂരം അൻവറിന്റെ കൈപ്പിടിയിൽ ഒതുങ്ങുമോ?
അൻവർപേടിയില്ലാതെ സി.പി.എം
അൻവർപേടിയേതുമില്ലാതെയാണ് സി.പി.എം മുന്നോട്ടുപോകുന്നത്. എൽ.ഡി.എഫ് പാളയം വിട്ടാൽ അൻവർ പോകുന്നത് യു.ഡി.എഫ് ക്യാമ്പിലാണെന്ന് പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻമാഷ് സൈദ്ധാന്തികമായി ആദ്യമേ പറഞ്ഞു വച്ചു. പക്ഷേ,മാസങ്ങളായി അൻവർ തൊടുത്തവിട്ട കൂരമ്പുകൾ ബ്രാഞ്ചുമുതൽ ജില്ലാ സമ്മേളനങ്ങളിൽ വരെ സി.പി.എമ്മിൽ ചർച്ചയായിരുന്നു . അവസാന വാർത്താസമ്മേളനത്തിലും അൻവർ ജയരാജൻമാരേയും പി.ശശിയേയും വെറുതെ വിട്ടില്ല. കഴിഞ്ഞ ദിവസത്തേതടക്കം നാലുകേസുകളാണ് ശശിയിപ്പോൾ അൻവറിനെതിരെ നൽകിയിരിക്കുന്നത്. എന്തൊക്കെ ലക്ഷ്യമുണ്ടായാലും ആസന്നമായ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അൻവറൊരു പ്രഹേളികയായി സംസ്ഥാന രാഷ്ട്രീയത്തിന്റെ തലയ്ക്ക് മുകളിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |