ഐ.സി. ബാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

Sunday 26 January 2025 12:52 AM IST

സുൽത്താൻ ബത്തേരി: ഡി.സി.സി ട്രഷറർ എൻ. എം വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ഐ.സി ബാലകൃഷ്ണൻ എം.എൽ.എയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കേസ് അന്വേഷണം നടത്തുന്ന സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി കെ.കെ അബ്ദുൽ ഷരീഫാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി ലിമിറ്റഡ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായി പുത്തൂർവയലിൽ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായിരുന്നു. ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനം എം.എൽ.എയുടെ കേണിച്ചിറ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ കേസിന് തെളിവാകുന്ന തരത്തിൽ ഒന്നും കണ്ടുകിട്ടിയില്ലെന്ന് പൊലിസ് വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതിയാണ് എം.എൽ.എ. രണ്ടും മൂന്നും പ്രതികളായ ഡി.സി.സി പ്രസിഡന്റ് എൻ. ഡി അപ്പച്ചൻ , ഡി.സി.സി മുൻ ട്രഷറർ കെ. കെ ഗോപിനാഥൻ എന്നിവരെയും ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടിരുന്നു.