വേനൽ കടുത്തു, ശബരിഗിരി അണക്കെട്ടുകളിൽ ജലനിരപ്പ് താഴേക്ക്

Tuesday 25 February 2025 12:16 AM IST

പത്തനംതിട്ട: വേനൽ കടുത്തതോടെ ശബരിഗിരി ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളിൽ ജലനിരപ്പ് വൻ തോതിൽ താഴ്ന്നത് വൈദ്യുതി ഉത്പാദനത്തെ ബാധിക്കുമെന്ന് ആശങ്കയേറി. സംസ്ഥാനത്തെ രണ്ടാമത്തെ ജലവൈദ്യുതി പദ്ധതിയാണിത്.

അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് നിലച്ചത് കഴിഞ്ഞ വർഷത്തേക്കാൾ നേരത്തേയാണ്. കക്കി ഡാമിൽ ഇന്നലത്തെ ജലനിരപ്പ് കഴിഞ്ഞവർഷത്തേക്കാൾ പതിന്നാല് ശതമാനം കുറവാണ്. പമ്പയിൽ പതിനഞ്ച് ശതമാനം വെള്ളം കുറഞ്ഞു.

മൂഴിയാർ ഡാമിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷത്തേതിൽ നിന്ന് വലിയ വ്യത്യാസമില്ല. മാർച്ചിൽ വേനൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.

കാർഷിക മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ അണക്കെട്ടുകളിലെ വെള്ളം ഇത്തവണ നേരത്തേ തുറന്നുവിട്ടിരുന്നു. പമ്പാനദി വറ്റിയത് അപ്പർകുട്ടനാട്ടിലെ കാർഷിക മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചതിനെ തുടർന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുകയായിരുന്നു. വേമ്പനാട്ട് കായലിൽ നിന്ന് വെള്ളം അടിത്തട്ട് താഴ്ന്ന പമ്പയിലേക്ക് കയറിയതിനെ തുടർന്ന് ഉപ്പുരസം പടർന്നു. ഇത് നെൽകൃഷിയെ നശിപ്പിക്കുമെന്ന് കണ്ട് ഡാമുകളിലെ വെള്ളം പമ്പയിലേക്ക് ഒഴുക്കിവിട്ട് ജലനിരപ്പ് ഉയർത്തി പ്രതിസന്ധി പരിഹരിക്കുകയായിരുന്നു.

  • 60 ശതമാനം മഴ കുറവ്

സംസ്ഥാനത്ത് കഴിഞ്ഞ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലഭിച്ചതിനെക്കാൾ ഇത്തവണ 60 ശതമാനം മഴ കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ 17.9മില്ലീ മീറ്റർ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. ലഭിച്ചത് 7.2 മില്ലീമീറ്റർ. ഒരു ജില്ലയിലും കാര്യമായി മഴ പെയ്തില്ല. ഇന്നും നാളെയും വിവിധ ജില്ലകളിൽ മഴ പ്രവചിച്ചിട്ടുണ്ടെങ്കിലും താപനില കുറയ്ക്കാനും അണക്കെട്ടുകളിലെ ജലനിരപ്പ് കൂട്ടാനുമുള്ള അളവിൽ ലഭിക്കില്ലെന്നാണ് വിലയിരുത്തൽ.

# അണക്കെട്ടുകളിലെ ജലനിരപ്പ്

കക്കി

ഇന്നലത്തെ ജലനിരപ്പ് - 966.77 മീറ്റർ

കഴിഞ്ഞ വർഷം - 972.44 മീറ്റർ

പമ്പ ഇന്നലെ 967.15 മീറ്റർ

കഴിഞ്ഞ വർഷം 972.55 മീറ്റർ

മൂഴിയാർ

ഇന്നലെ 187.20 മീറ്റർ

കഴിഞ്ഞ വർഷം 186.70 മീറ്റർ