മോദി സർക്കാർ ഫാസിസ്റ്റ് ആയിട്ടില്ലെന്ന് എ.കെ.ബാലൻ
തിരുവനന്തപുരം: മോദി സർക്കാർ ഫാസിസ്റ്റ് അല്ലെന്ന സി.പി.എം കരട് പ്രമേയത്തിലെ പരാമർശത്തെ ന്യായീകരിച്ച് കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ രംഗത്തെത്തി.കരട് രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തത വരുത്തി കേന്ദ്രകമ്മിറ്റി സംസ്ഥാന ഘടകങ്ങൾക്കയച്ച രഹസ്യരേഖയിലെ വിശദീകരണമാണ് .ബാലൻ ഇന്നലെ ന്യായീകരിച്ചത്. 'നവഫാസിസ്റ്റ് സ്വഭാവങ്ങളുടെ പ്രകടനം എന്നതു കൊണ്ട് പാർട്ടി ഉദ്ദേശിക്കുന്നത് ഫാസിസത്തിലേക്കുള്ള പ്രവണത എന്നു മാത്രമാണ്. എന്നു വച്ചാൽ നരേന്ദ്ര മോദി സർക്കാർ പൂർണമായും നവഫാസിസ്റ്റുകളായി മാറിയിട്ടില്ല. ഇന്ത്യയെ നവഫാസിസ്റ്റ് രാജ്യമെന്നും പറയാറായിട്ടില്ല'.മോദി സർക്കാർ ഫാസിസ്റ്റ് സർക്കാരാണെന്ന സി.പി.ഐ അടക്കമുള്ള പാർട്ടികളുടെ നിലപാട് തള്ളിക്കൊണ്ടായിരുന്നു സി.പി.എമ്മിന്റെ വിശദീകരണം.
ബി.ജെ.പി സർക്കാർ ഫാസിസ്റ്റ് സർക്കാരാണെന്ന് തങ്ങൾ പറഞ്ഞിട്ടേയില്ലെന്ന് എ.കെ. ബാലൻ വിശദീകരിച്ചു.. ഫാസിസം
വന്നെന്ന് ഞങ്ങൾ പറഞ്ഞിട്ടേയില്ല. കരട് രാഷ്ട്രീയ പ്രമേയം പാർട്ടിക്കുള്ളിൽ ചർച്ചയ്ക്ക് വേണ്ടിയാണ്. പാർട്ടി കോൺഗ്രസിൽ അംഗീകാരം കിട്ടിയാൽ മാത്രമേ രാഷ്ട്രീയപ്രമേയം പാസാകൂ. മോദി സർക്കാർ ഫാസിസ്റ്റ് അല്ലെന്ന സിപിഎമ്മിന്റെ പുതിയ രേഖ ഞെട്ടലുണ്ടാക്കുന്നതല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. കാലങ്ങളായി ബി.ജെ.പിയുമായുള്ള രഹസ്യബന്ധമാണ് ഇപ്പോൾ പുറത്തായതെന്നും മോദിയുമായി കൈകോർക്കാനും അവർക്ക് കീഴടങ്ങാനുമുള്ള സി.പി.എം തീരുമാനത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം
പറഞ്ഞു.
.