കേരള സിലബസിന് പ്രിയം കുറയുന്നു
കൊച്ചി: സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ കുട്ടികൾ പ്ളസ് വണ്ണിൽ സ്റ്റേറ്റ് സിലബസിലേക്ക് മാറുന്ന പ്രവണതയിൽ അഞ്ചു വർഷത്തിനിടെ ഗണ്യമായ കുറവ്. അഖിലേന്ത്യാ പരീക്ഷകളിൽ സ്റ്റേറ്റ് സിലബസുകാർ പിന്തള്ളപ്പെടുന്നതാണ് കാരണം. കുട്ടികളുടെ വരവ് കുറഞ്ഞതോടെ പല സ്കൂളുകളിലും ഹയർ സെക്കൻഡറി ബാച്ചുകൾ നഷ്ടമായി.
2020ൽ പത്താംക്ലാസ് പാസായ 37,772 സി.ബി.എസ്.ഇ വിദ്യാർത്ഥികൾ കേരള സിലബസിലേക്ക് മാറിയിരുന്നു. എന്നാൽ 2024ൽ 19,382 പേരാണ് മാറിയത്. 2020ൽ ഐ.സി.എസ്.ഇ വിജയിച്ച 7,936 വിദ്യാർത്ഥികളിൽ 3,726 പേർ കേരള സിലബസിലെത്തി. 2024ൽ ഈ വിഭാഗത്തിൽ വിജയിച്ച 7,517ൽ 2,385 വിദ്യാർത്ഥികളാണ് സ്റ്റേറ്റ് സിലബസിലെത്തിയത്.
ഡൽഹി സർവകലാശാല പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാർക്ക് അടിസ്ഥാനത്തിലുള്ള പ്രവേശനവും കേരള സിലബസിനെ ആകർഷകമാക്കിയിരുന്നു. ഇപ്പോൾ അതും മാറി. കേന്ദ്ര സർവകലാശാലകൾ പൊതുപ്രവേശന പരീക്ഷ മാനദണ്ഡമായപ്പോൾ കേരള സിലബസിലെ കുട്ടികൾ പിന്നാക്കം പോയി. കുട്ടികൾ കുറയുന്നതോടെ അദ്ധ്യാപക തസ്തികയും കുറയുമെന്ന ആശങ്കയുമുണ്ട്.
കുറയാൻ കാരണം
മാർക്ക് സമീകരണം വരുമ്പോൾ കേരള സിലബസിലെ കുട്ടികൾ പിന്നിലാകുന്നു. ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നടത്തിയ പരീക്ഷയിൽ കുട്ടികൾ നേടിയ മാർക്കിന്റെ മൂല്യം കുറവായതിനാൽ 20ൽ അധികം മാർക്ക് എൻട്രൻസ് കമ്മിഷൻ കുറയ്ക്കുന്നുണ്ട്. കേന്ദ്രസിലബസിലുള്ളവർക്ക് ബോണസ് മാർക്ക് നൽകാറുണ്ടെന്ന് അദ്ധ്യാപകർ പറയുന്നു.
കേരള സിലബസിലേക്ക് മാറിയവർ
(വർഷം, പത്താം ക്ളാസ് വിജയിച്ചവർ,അഡ്മിഷൻ എടുത്തവർ,ശതമാനം)
സി.ബി.എസ്.ഇ
2020- 73,129......37,772.........51.65% 2021-70,483.......34,140.........48.43%
2022-69,200......29,986...........43.33%
2023-67720.......28,473...........42.04%
2024-59,587......19.382...........32.43%
ഐ.സി.എസ്.ഇ
2020-7,936.......3,726..............46.95%
2021-8,011........3,768.............47.03%
2022-7.787........3,640.............46.74%
2023-7,823........3,224.............41.21%
2024-7,517........2,385.............31.72%
കേരളസിലബസിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വർദ്ധിക്കുന്നുണ്ട്. ഇതിന് ബദലായ സംവിധാനം സർക്കാർ അവലംബിക്കണം.
-അനിൽ എം. ജോർജ്
സംസ്ഥാന ജനറൽ സെക്രട്ടറി
എച്ച്.എസ്.എസ്.ടി.എ