ഡൽഹി യോഗത്തിന്റെ ഫലം
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ പുരോഗതിയെ പ്രശംസിച്ച നിലപാട് അപ്പാടെ തിരുത്തി ശശി തരൂർ എം.പി. സൂക്ഷ്മ-ചെറുകിട വ്യവസായ രംഗത്തെ കേരളത്തിന്റെ വളർച്ച കടലാസിൽ ഒതുങ്ങന്നതാണെന്നും എക്സ് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് ടൈംസ് ഒഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്ത കൂടി ഷെയർ ചെയ്താണ് തരൂരിന്റെ നിലപാട് മാറ്റം. ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ദേശീയനേതൃത്വം വടിയെടുത്തതാണ് തരൂരിന്റെ മലക്കം മറിച്ചിലിന് കാരണം.
പാർട്ടി തന്നെ ഉപയോഗിച്ചില്ലെങ്കിൽ വേറെ വഴി തേടുമെന്ന് വരെ പറഞ്ഞ തരൂരാണ് നിലപാട് മാറ്റുകയും ഇംഗ്ളീഷ് പത്രത്തിലെ അഭിമുഖത്തിൽ താൻ പറയാത്ത കാര്യങ്ങൾ വന്നുവെന്ന് വിശദീകരിക്കുകയും ചെയ്യുന്നത്. സർക്കാരിന്റെ ഉദ്ദേശ്യ ശുദ്ധി നല്ലതെന്ന് സമ്മതിക്കുമ്പോഴും യഥാർത്ഥ കാര്യങ്ങളല്ല റിപ്പോർട്ടുകളിൽ വരുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടുന്നു.' കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെക്കുറിച്ചുള്ള കഥകൾ റിപ്പോർട്ട് ചെയ്യപ്പെടും പോലെയല്ല എന്നത് ഞെട്ടിക്കുന്നു. കേരള സർക്കാരിന്റെ അവകാശവാദങ്ങൾ ശരിയായ ലക്ഷ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് എന്നത് മാത്രമാണ് ആശ്വാസമെന്നും തരൂർ പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേരളത്തിൽ കൂടുതൽ ഐക്യത്തോടെ പാർട്ടി അടിത്തറ ശക്തമാക്കലായിരുന്നു ഡൽഹി യോഗത്തിന്റെ മുഖ്യ ഉദ്ദേശ്യം..യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ തുടങ്ങിയവർ പേരെടുത്തു പറഞ്ഞില്ലെങ്കിലും കടുത്ത ഭാഷയിലാണ് തരൂരിന്റെ നിലപാടുകളെ വിമർശിച്ചത്. മോദിക്കെതിരെയും കേരളത്തിലെ ഇടതു സർക്കാരിനെതിരെയും കോൺഗ്രസ് കടുത്ത പോരാട്ടം നടത്തുമ്പോൾ ഇരുവരെയും പ്രകീർത്തിച്ച നടപടി ഒട്ടും നല്ലതല്ലെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കി. ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും വിമർശന ബുദ്ധ്യാ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |